ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ വിഴിഞ്ഞത്ത്; താരമായി വില്ലി


സ്വന്തം ലേഖകൻ
Published on Jun 10, 2025, 12:00 AM | 1 min read
തിരുവനന്തപുരം: ക്യാപ്‌റ്റൻ വില്ലി ആന്റണിക്ക് ജീവിതത്തിലെ അപൂർവ നിമിഷം സമ്മാനിച്ച ദിവസമാണ് തിങ്കളാഴ്‌ച. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുമായി വിഴിഞ്ഞത്ത് എത്തിയത് വില്ലിയാണ്. എംഎസ്‌സി ഐറിനയുടെ ക്യാപ്‌റ്റൻ. ബർത്തിലെത്തിയപ്പോൾ തന്നെ അഭിനന്ദനപ്രവാഹമായി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ( വിസിൽ) എംഡി ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വന്തം നാട്ടിലേക്ക് കൂറ്റൻ കപ്പലുമായെത്തിയ കപ്പിത്താനെ ആശംസകൾകൊണ്ട് പൊതിയുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.
തന്റെ 29 വർഷത്തെ കപ്പൽ ജീവിതത്തിനിടയിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ പുറനാട്ടുകര സ്വദേശിയാണ് വില്ലി. 19 വർഷമായി എംഎസ്‌സിയിലാണ്. 2023ൽ ഐറിനയുടെ ആദ്യഓട്ടത്തിൽ ക്യാപ്‌റ്റനായിരുന്നു. തുടർന്ന് രണ്ടുമാസം മുമ്പാണ് വീണ്ടും ഐറിനയിൽ എത്തിയത്. മൂന്നുപതിറ്റാണ്ടോളമാകുന്ന കപ്പൽ ജീവിതത്തിൽ നൂറ്റിഇരുപതോളം രാജ്യങ്ങളിൽപോയി. 14 വർഷമായി ക്യാപ്‌റ്റനാണ്. വിഴിഞ്ഞം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നതിന് അദ്ദേഹത്തിന് സംശയമില്ല. വലിയ കപ്പലുകൾക്ക് അനായാസം തീരത്ത് അടുക്കാൻ കഴിയുന്നത് കൂടുതൽ കപ്പലുകൾ എത്താൻ വഴിയൊരുക്കും. അന്താരാഷ്‌ട്ര കപ്പൽച്ചാലിൽനിന്ന് കുറഞ്ഞ സമയത്തിനകം തുറമുഖത്ത് എത്തുകയും ചരക്ക് കൈമാറി വീണ്ടും യാത്ര തുടരുകയും ചെയ്യാം.
ഓട്ടോമേറ്റഡ് പോർട്ടായതിനാൽ മറ്റുതുറമുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് കൈകാര്യം ചെയ്യാൻ കുറഞ്ഞ സമയം മതി എന്നതും നേട്ടമാണ്. ഭാര്യ ഹിൽഡയ്‌ക്കും ഒമ്പതാംക്ലാസുകാരൻ ബെൻഹെയിലുമൊപ്പം തൃശൂരിൽതന്നെയാണ് സ്ഥിരതാമസം. അച്ഛൻ പാലോക്കാരൻ ആന്റണി മറൈൻ സർവേയറായിരുന്നു. വിഴിഞ്ഞം തുറമുഖത്തെ ക്യാപ്‌റ്റൻ നിർമൽ സക്കറിയ വില്ലിയുടെ പഴയ സഹപ്രവർത്തകനാണ്. അദ്ദേഹവും എംഎസ്‌സിയിൽ ജോലി ചെയ്‌തിട്ടുണ്ട്. നിർമലിന്റെ അനുഭവ സമ്പത്ത് വലിയ കപ്പലുമായി എത്താനുള്ള ആത്മവിശ്വാസം കൂട്ടുകയും ചെയ്‌തു. ആങ്കറേജിൽ എത്തുന്ന കപ്പലിനെ തുറമുഖത്തേക്ക് കൊണ്ടുവരുന്നത് ടഗ്ഗുകളാണ്. ടഗ്ഗുകളുടെ മേൽനോട്ടം തുറമുഖത്തെ ക്യാപ്‌റ്റൻമാരായ നിർമൽ സക്കറിയയ്‌ക്കും തുഷാറിനുമാണ്.









0 comments