ഇന്ന് ലോക ടൂറിസം ദിനം; നാൾക്കുനാൾ ഉയർച്ചയിലേക്ക് പോകുന്ന 'ഗോഡ്സ് ഓൺ കൺട്രി'


പാർവതി ഗിരികുമാർ
Published on Sep 27, 2025, 02:54 PM | 1 min read
ലോകത്തെവിടെ നിന്നും യാത്ര പോകാൻ പറ്റിയ സ്ഥലമായ കേരളത്തിൽ ടൂറിസം ദിനത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. മറ്റെവിടെയുമില്ലാത്ത കാലാവസ്ഥയും കടലും കായലും മലകളും തോട്ടങ്ങളും പച്ചപ്പാടങ്ങളും നദികളും എല്ലാം ഒരേ സ്ഥലത്ത് കാണാനാകുന്ന മറ്റൊരു നാട് വേറെ ഉണ്ടാവില്ല. രണ്ടോ മൂന്നോ മണിക്കൂറിന്റെ വ്യത്യാസത്തിൽ കടൽത്തീരത്ത് നിന്നും മലഞ്ചേരിവുകളിലേക്ക് എത്താനാകുന്ന സ്വപ്നഭൂമിയാണ് നമ്മുടേത്. എല്ലാവരും വിനോദസഞ്ചാരികളായി മാറുന്ന കാലത്ത് കേരളത്തിലെ ടൂറിസം റെക്കോർഡ് നേട്ടമാണ് കൊയ്യുന്നത്. കോവിഡാനന്തര കേരളത്തിൽ ടൂറിസം മേഖലയുടെ കുതിപ്പ് എടുത്തുപറയേണ്ടതാണ്. സഞ്ചാരികളുടെ വരവിലും വരുമാനത്തിലും വൻതോതിൽ വളർച്ച നേടിയ കേരളം സുസ്ഥിര ടൂറിസം വികസനത്തിൽ രാജ്യത്തുതന്നെ ആദ്യസ്ഥാനത്തുള്ള സംസ്ഥാനമായി .വിനോദസഞ്ചാരം പ്രകൃതിക്ക് ദോഷകരമാകുന്നതിന് പകരം അതിനെ പുനരുജ്ജീവിപ്പിക്കാനും ടൂറിസം വഴി പ്രാദേശിക സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനും ശ്രമിക്കുന്ന തരത്തിലാണ് കേരളത്തിലെ ടൂറിസത്തിന്റെ വികസനം.
ചുരുങ്ങിയ കാലംകൊണ്ടാണ് ഗ്ലാസ് ബ്രിഡ്ജ്, പാരാഗ്ലൈഡിങ്, ഫ്ലോട്ടിങ് ബ്രിഡ്ജ്, സീ പ്ലെയിൻ എന്നിവ കേരളത്തിലും വന്നത്. ഇത്തരം വികസനങ്ങൾ വിനോദസഞ്ചാരികളെ കേരളത്തിലേക്കാകർഷിക്കുന്നതിൽ ചെറുതല്ലാത്ത സ്വാധീനം തന്നെ ചെലുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വികസനത്തിന്റെ കാര്യത്തിൽ മാത്രമല്ല. അവിടേക്കെത്താൻ പാക്കേജുകളൊരുക്കുന്നത് കെ എസ് ആർ ടി സി തന്നെയാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ഫ്രണ്ട്ലി ടൂർ പാക്കേജുകൾ കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുണ്ട്. കേരളം കാണാൻ വരുന്ന ഒരാൾക്ക് കേരളത്തിന്റെ മനോഹാര്യതയോടൊപ്പം തന്നെ ഏറ്റവും കുറഞ്ഞ ചെലവിലും എളുപ്പത്തിലും കേരളം കണ്ടും ആസ്വദിച്ചും മടങ്ങാനുള്ള വഴിയൊരുക്കുകയാണ് സർക്കാർ.
2021 ൽ 75 ലക്ഷത്തോളമായിരുന്ന വിനോദസഞ്ചാരികളുടെ എണ്ണം 2024 ആയപ്പോൾ 2 കോടി 29 ലക്ഷത്തിലധികമാണ്. കേരള ടൂറിസത്തിന്റെ പെരുമ ലോകത്താകെ പ്രചരിപ്പിക്കുന്നതിന് ഭാഗമായി വിവിധ പരിപാടികളും സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. ടൂറിസം കേവലം കാഴ്ചയുടെമാത്രം വിനോദമല്ലെന്നും അത് പുതിയൊരു സംസ്കാരത്തെയും പാരമ്പര്യത്തെയും പൈതൃകത്തെയും തൊട്ടറിയലാണെന്നും ഉദ്‌ഘോഷിച്ചുകൊണ്ടാണ് 1980 മുതൽ സെപ്‌റ്റംബർ 27 ലോക ടൂറിസംദിനമായി ആഘോഷിച്ചുവരുന്നത്. കേരളത്തിന് ടൂറിസം വരുമാനമാർഗം മാത്രമല്ല, നമ്മുടെ നാടിന്റെ അനുഭവമാണ്, പൈതൃകത്തിന്റെ ഓർമപ്പെടുത്തലാണ്, മലയാളിയുടെ ജീവിതശൈലിയുടെ തന്നെ നേർക്കാഴ്ചയാണ്.









0 comments