Deshabhimani

print edition ഇന്ന് അന്താരാഷ്ട്ര ഹൃദയദിനം; പുതുസ്പന്ദനം കാത്തിരിക്കുന്നത് 83 പേർ

Heart.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

കൊച്ചി: "ഡോണ്ട് മിസ് എ ബീറ്റ്' എന്ന സന്ദേശവുമായി ഹൃദയദിനമെത്തുമ്പോൾ സംസ്ഥാനത്ത് ഹൃദയം മാറ്റിവയ്‌ക്കാൻ കാത്തിരിക്കുന്നത് 83 പേർ. ഇതിൽ 77 പേർ 18 വയസ്സിനുമുകളിലുള്ളവരും ആറുപേർ പ്രായപൂർത്തിയാകാത്തവരുമാണ്. 2012 മുതൽ 2026 വരെ സംസ്ഥാനത്ത് 96 ഹൃദയം മാറ്റിവയ്‌ക്കൽ നടന്നു. സർക്കാരിന്റെ നാലുകേന്ദ്രങ്ങൾ ഉൾപ്പെടെ 17 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ശസ്ത്രക്രിയകൾ നടക്കുന്നത്.


തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവയാണ് സർക്കാർ മേഖലയിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ലൈസൻസ് ലഭിച്ചെങ്കിലും ഇതുവരെ ശസ്ത്രക്രിയ നടത്തിയിട്ടില്ല.


മരണാനന്തര അവയവദാനത്തിലൂടെമാത്രം ലഭിക്കുന്ന അവയവമായതിനാൽ രോഗികൾക്ക് കാത്തിരിപ്പില്ലാതെ മറ്റ് വഴികളില്ല. കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷ(കെ സോട്ടോ)നാണ് മരണാനന്തര അവയവദാനവും ഹൃദയമാറ്റവും ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ ഹൃദയം മാറ്റിവയ്‌ക്കലുകൾ പൊതുവെ വിജയമാണെങ്കിലും ഹൃദയം നൽകാവുന്ന ദാതാക്കളുടെ രജിസ്ട്രേഷൻ വളരെ കുറവാണ്. ഹൃദയദാനത്തിൽ കുറവുവരാൻ ഇതും ഒരുകാരണമാണെന്ന് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു.


​ആക്ടീവാണ് സണ്ണിയും സൂര്യനാരായണനും


​ഹൃദയം മാറ്റിവയ്‌ക്കലിന്‌ വിധേയരായി നിരവധി പേരാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. അത്തരത്തിൽ രണ്ടുപേരാണ് തൃപ്പൂണിത്തുറ പുതിയകാവിൽ മുട്ടത്ത് വീട്ടിൽ സണ്ണി എം തോമസും കായംകുളം രണ്ടാംകുറ്റിയിലെ സൂര്യനാരായണനും. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ഇരുവരുടെയും ശസ്ത്രക്രിയ. 2020ൽ കോവിഡ് കാലത്താണ് കാർഡിയോ മയോപ്പതി ബാധിതനായി സണ്ണി എം തോമസ് (62) ഹൃദയമാറ്റത്തിന് വിധേയനായത്. കൊട്ടാരക്കര സ്വദേശിയുടെ ഹൃദയമാണ് നൽകിയത്.


‘‘തിരുവനന്തപുരത്തുനിന്ന് അവയവം കൊച്ചിയിലെത്തിക്കാൻ പി രാജീവിന്റെ ഇടപെടലിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഹെലികോപ്റ്റർ അനുവദിച്ചതിനാൽ ഞാൻ രക്ഷപ്പെട്ടു’’ –സണ്ണി പറയുന്നു. പുതിയകാവിൽ സാംകോ എന്ന ആയുർവേദ സ്ഥാപനം നടത്തുകയാണിപ്പോൾ.


18 വയസ്സിൽ കാർഡിയാക് മയോപ്പതിമൂലം ഹൃദയം മാറ്റിവച്ച സൂര്യനാരായണൻ, ഇപ്പോൾ തിരുവല്ലയിൽ മീൻകച്ചവടത്തിൽ സജീവമാണ്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച, കന്യാകുമാരി സ്വദേശി അരവിന്ദിന്റെ (24) അവയവമാണ് 2021ൽ സൂര്യനാരായണനിൽ വച്ചുപിടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home