കോഴിക്കോട്ടെ കേന്ദ്രത്തിന് താഴിട്ടു; ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ കേന്ദ്രങ്ങൾക്ക് പൂട്ട്


വൈഷ്‌ണവ് ബാബു
Published on Sep 01, 2025, 03:00 AM | 2 min read
തിരുവനന്തപുരം: മാരക രോഗങ്ങളെ നിരീക്ഷിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തുവരുന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) യുടെ കീഴിലുള്ള സ്ഥാപനങ്ങൾ പൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ഡബ്ല്യുഎച്ച്‌ഒ സ്ഥാപനങ്ങളുള്ളത്. കോഴിക്കോട്ടെ കേന്ദ്രത്തിന് ആഗസ്‌ത് 29ന് താഴിട്ടു. തിരുവനന്തപുരത്തേതും ഏതുനിമിഷവും അടച്ചുപൂട്ടാം. ഘട്ടം ഘട്ടമായി ഇവയ്‌ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചാണ് അതിനുള്ള സാഹചര്യമൊരുക്കുന്നത്.
മൂന്ന് പതിറ്റാണ്ടായി അഞ്ചാംപനി, പോളിയോ, ഡിഫ്റ്റീരിയ, വില്ലൻചുമ, ടെറ്റനസ് എന്നിവയുടെ പ്രതിരോധത്തിന് ചുക്കാൻപിടിച്ച നാഷണൽ പബ്ലിക് ഹെൽത്ത് സപ്പോർട്ട് നെറ്റ്‌വർക്കിന്റെ (എൻപിഎസ്‌എൻ) 200 കേന്ദ്രങ്ങളിൽ 90 എണ്ണം ഇതിനകം പൂട്ടി. 1999 മുതൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനങ്ങളിലൂടെയാണ് രോഗബാധിതരുടെ കണക്കുകളും പ്രതിരോധ രീതികളും ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നത്. പോളിയോ നിർമാർജനത്തിനാണ് ആരംഭിച്ചതെങ്കിലും പിന്നീട് മറ്റുരോഗങ്ങളുടെ നിരീക്ഷണത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്താകമാനം ഡോക്ടർമാർ ഉൾപ്പെടെ ആയിരത്തിലധികം ആരോഗ്യ പ്രവർത്തകരും വളന്റിയർമാരും ഇതിന്റെ ഭാഗമായുണ്ട്. 2027ഓടെ മുഴുവൻ കേന്ദ്രങ്ങളും പൂട്ടുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
കോവിഡിനു ശേഷം ഇന്ത്യൻ സംസ്ഥാനങ്ങൾ രോഗ നിരീക്ഷണത്തിനായി സ്വന്തം സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഇത് അടിസ്ഥാനരഹിതമാണ്. കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഈ സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ ഒഴിവാക്കിയുള്ള കേന്ദ്രത്തിന്റെ നീക്കം ആരോഗ്യസുരക്ഷയെ പ്രതിസന്ധിയിലാക്കും. ബദൽ കരാറുകളോ പെൻഷനോ നഷ്ടപരിഹാരമോ നൽകാതെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതും. ഇന്ത്യയെ പോളിയോ മുക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഈ ജീവനക്കാർ. അവരുടെ ഭാവിയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുകയാണ്.
ഇതര സംസ്ഥാനങ്ങൾക്ക് ആശങ്ക
പൊതുജനാരോഗ്യ സംരക്ഷണത്തിന് കേരളത്തിൽ നിരവധി പദ്ധതികളുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കൃത്യമായ പ്രവർത്തനത്തിലൂടെ കണക്കുകൾ രേഖപ്പെടുത്തി ചികിത്സ ഉറപ്പുവരുത്തുന്നു. അതിനാൽ ലോകാരോഗ്യ സംഘടനയുടെ കേരളത്തിലെ കേന്ദ്രങ്ങളിൽ ഓരോ നോഡൽ ഓ-ഫീസർ വീതമാണുണ്ടായിരുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ സ്ഥിതി പരിതാപകരമാണ്. ഫീൽഡ് പ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരില്ലാത്തതിനാൽ എൻപിഎസ്‌എൻ വളന്റിയർമാരാണ് പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
വിവരങ്ങൾ മറച്ചുവയ്‌ക്കും
നിരീക്ഷണ സംവിധാനങ്ങൾ അടച്ചുപൂട്ടുന്നതോടെ പൊതുജനാരോഗ്യ ഡാറ്റ ശേഖരണത്തിന്റെ ചുമതല ആഭ്യന്തര ഏജൻസികൾക്ക് കൈമാറും. കോവിഡ് കാലത്ത് ഉൾപ്പെടെ കണക്കുകൾ മറച്ചുവച്ച കേന്ദ്രത്തിന്, ഇൗ ഏജൻസികളിൽ സമ്മർദംചെലുത്തി മറ്റു രോഗങ്ങളുടെ വിവരങ്ങളും മറച്ചുവയ്ക്കാനാകും.
2023-ൽ ഇന്ത്യയിൽ 65,000-ത്തിലധികം അഞ്ചാംപനി കേസുകളുണ്ടായതായാണ് ഡബ്ല്യുഎച്ച്‌ഒയുടെ കണക്ക്. വാക്സിൻ നൽകുന്നതിലെ പോരായ്‌മയാണ് കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഉൾനാടൻ ഗ്രാമങ്ങളിൽ രോഗബാധ കണ്ടെത്താനും പ്രതിരോധിക്കാനും എന്ത് സംവിധാനമാണുണ്ടാവുക എന്നതിന് കേന്ദ്രത്തിന് കൃത്യമായ മറുപടിയില്ല.









0 comments