print edition വോട്ടവകാശം കവരുന്ന കേന്ദ്രത്തിനെതിരെ തൊഴിലാളി- കർഷക സംയുക്ത പ്രക്ഷോഭം 10ന്

തിരുവനന്തപുരം : സാധാരണക്കാരുടെ വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെയും- തെരഞ്ഞെടുപ്പ് കമീഷന്റെയും നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ തൊഴിലാളി -കർഷക സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്‌തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 10-ന് സംസ്ഥാനത്തുടനീളം പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കും.
ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കും. സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് സമരം. നിയമവിരുദ്ധമായ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണംവഴി തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ, പീഡിത വിഭാഗങ്ങളടക്കം 13.8 കോടി പേരുടെ വോട്ടവകാശം നിഷേധിക്കുന്നതിനുപിന്നിൽ ബിജെപിയുടെ താൽപ്പര്യമാണുള്ളത്.
തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതിക്ക് പകരം കേന്ദ്രമന്ത്രിമാരുടെ സമിതി മതിയെന്ന നിലയിൽ വരുത്തിയ നിയമഭേദഗതി പിൻവലിക്കണം. വോട്ടവകാശം തെളിയിക്കേണ്ട ബാധ്യത പൗരനുമേൽ അടിച്ചേൽപ്പിക്കുന്ന എസ്‌ഐആർ നടപടി ഫോം 6-ലെ ഭേദഗതി നിർത്തിവയ്‌ക്കണം.
വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ പൗരന്മാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. ഏരിയ, പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരങ്ങളിലും നടക്കുന്ന പന്തംകൊളുത്തി പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും എല്ലാ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും അണിനിരക്കണമെന്ന് എളമരം കരീം (സിഐടിയു), വത്സൻ പനോളി (കർഷകസംഘം), എൻ ചന്ദ്രൻ (കെഎസ്‌കെടിയു) എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.









0 comments