കേരളത്തിന് എയിംസ് പരിഗണനയിലില്ലെന്ന് കേന്ദ്രം
എയിംസ് സ്വപ്‌നം അവസാനിക്കുന്നോ

എയിംസിനായി കിനാലൂരിൽ കണ്ടെത്തിയ സ്ഥലം
സ്വന്തം ലേഖകൻ ബാലുശേരി ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടും കേരളത്തിന് എയിംസ് പരിഗണനയിലില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചതോടെ അനുബന്ധ സൗകര്യങ്ങളുമൊരുക്കി കാത്തിരിക്കുന്ന ജനത ആശങ്കയിൽ. നീണ്ടകാലത്തെ കോഴിക്കോടിന്റെ എയിംസെന്ന സ്വപ്നം നഷ്‌ടാവുമോയെന്ന നിരാശയിലാണ് ബാലുശേരി മണ്ഡലത്തിലെ കിനാലൂരുകാർ. കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതാണെന്നും അതില്ലാത്ത സംസ്ഥാനങ്ങൾക്ക് മുൻഗണനയെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് എയിംസിനായി കിനാലൂരിൽ സ്ഥലം കണ്ടെത്തിയതും പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതും. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 151.52 ഏക്കർ എയിംസ് സ്ഥാപിക്കുന്നതിനായി എൽഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവ് പ്രകാരം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഈ സ്ഥലത്തോട് ചേർന്നുകിടക്കുന്ന സ്വകാര്യവ്യക്തികളുടെ 100 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരികയാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടായില്ലെങ്കിലും എയിംസ് കിനാലൂരിൽ മാത്രമേ സ്ഥാപിക്കൂ എന്നായിരുന്നു എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുതുതായി യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ കിനാലൂരിന്റെ സ്വപ്‌നങ്ങൾക്ക് മങ്ങലേറ്റുതുടങ്ങി. ആരോഗ്യമന്ത്രി കെ മുരളീധരൻ സംസ്ഥാനത്തെ നാല് ജില്ലകളിൽ എവിടെയെങ്കിലും എയിംസ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതോടെ കിനാലൂരിന്റെ സ്വപ്നപദ്ധതിയിൽ ആശങ്കയുണ്ടായി. സിപിഐ എം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ കിനാലൂരിൽത്തന്നെ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിൻ തുടങ്ങിയിരുന്നു. കൂടാതെ, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന പ്രമേയവും പാസാക്കി. ഇതിനിടയിലാണ് കേരളത്തിന് എയിംസ് മുൻഗണനയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്.









0 comments