നന്ദി മെസി
ഇനിയില്ല, ആകാശനീലിമയിലെ വിസ്‌മയങ്ങൾ

അർജന്റീനക്ക് വേണ്ടിയുള്ള ലയണൽ മെസിയുടെ അവസാന മത്സരം കാണാൻ നൈനാംവളപ്പിലെത്തിയ ആരാധകർ
സ്വന്തം ലേഖകൻ കോഴിക്കോട് പകരം വയ്‌ക്കാനില്ലാത്ത നേട്ടങ്ങളും പറഞ്ഞാൽ തീരാത്ത വിസ്‌മയങ്ങളും ലോകത്തിന് സമ്മാനിച്ച അർജന്റീനയുടെ ലയണൽ മെസി ആകാശനീലിമയിലെ തന്റെ അവസാന മത്സരം കളിക്കുമ്പോൾ ഇങ്ങ് കോഴിക്കോടും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ഒരുയുഗത്തിന്റെ അവസാനം കണ്ണീരോടെ ഇൗ നാടും കണ്ടു. ഓരോ നീക്കത്തിനും കൈയടിച്ചു. ഒടുവിൽ കളിമൈതാനങ്ങളിൽ അത്ഭുതങ്ങൾ മാത്രം ബാക്കിവച്ച് ഇറങ്ങിപ്പോകുമ്പോൾ കാൽപ്പന്തിന്റെ സുൽത്താന് കണ്ണീരോടെ കോഴിക്കോടും യാത്രയയപ്പ് നൽകി. അർജന്റീനക്ക് വേണ്ടിയുള്ള ലയണൽ മെസിയുടെ അവസാന മത്സരം കാണാൻ നൈനാംവളപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക സ്‌ക്രീനുകൾ ഒരുക്കിയിരുന്നു. മത്സരശേഷം ഫുട്ബോൾ പ്രേമികൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. നന്ദി, മെസ്സി... രണ്ട് പതിറ്റാണ്ടിലേറെ ഫുട്ബോൾ കളത്തിൽ സുന്ദര നീക്കങ്ങളിലൂടെ, ഗോളിലൂടെ, പാസിലൂടെ ഇന്ദ്രജാലം തീർത്തതിന്. ഫുട്ബോൾ ലോകത്ത് ഒരു താരത്തിന് നേടാവുന്നതെല്ലാം നേടിയതിന്, മറക്കാനാവാത്ത കണ്ണീരിന്റെയും പുഞ്ചിരിയുടെയും ഓർമകൾ സമ്മാനിച്ചതിന്...









0 comments