സ്ത്രീകൾക്കെതിരെ കോൺഗ്രസ്; മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപം

തിരുവനന്തപുരം: ഗുരുതര ലൈംഗിക പീഡനക്കേസുകൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച സ്ത്രീകൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. കേസിൽ പരാതി നൽകിയ അതിജീവിതകൾക്ക് പിന്തുണ നൽകിയതിനും മാങ്കൂട്ടത്തലിനുവേണ്ടി നടത്തുന്ന പിആർ വർക്കും വ്യാജപ്രചാരണങ്ങളും തുറന്നുകാട്ടിയതിനുമാണ് സ്ത്രീകൾക്കെതിരെ കോൺഗ്രസ് സോഷ്യൽ മീഡിയ സെല്ലിന്റെ വേട്ടയാടൽ. കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്, ബിഗ്ടിവി കോർഡിനേറ്റിങ് എഡിറ്റർ ലക്ഷ്മി പദ്മ, നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് തുടങ്ങിയവർക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അധിക്ഷേപം.
രാഹുൽ ഗാന്ധി ഫാൻ എന്ന ഫേസ്ബുക്ക് പേജ് വഴി ലക്ഷ്മി പദ്മയുടെയും ഷഹനാസിന്റെയും ചിത്രം ഉൾപ്പെടെ പങ്കുവെച്ച് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് നടത്തുന്നത്. 24 ന്യൂസ് ചാനലിൽ മാങ്കൂട്ടത്തിൽ സ്വയം ന്യായീകരിക്കാനായി നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ രംഗത്തുവന്ന സ്ത്രീകളെ പേരെടുത്ത് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധിക്ഷേപം ശക്തമായത്.

മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് കോൺഗ്രസിൽ ശക്തമായി വാദിച്ചയാളാണ് ഷഹനാസ്. മാങ്കൂട്ടത്തിലിന്റെ ലൈംഗിക ചൂഷണ സ്വഭാവത്തെക്കുറിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്ന സമയത്ത് ഷാഫി പറമ്പിൽ എംപിക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ഷഹനാസ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇത് നിഷേധിക്കാൻ ഷാഫി തയ്യാറായിട്ടില്ല. ചാനലിൽ ഇരുന്നതുപോലെ തൻ്റെ മുൻപിൽ ഇരിക്കാൻ ധൈര്യമുണ്ടോ എന്ന് ഷഹനാസ് മാങ്കൂട്ടത്തിലിനെ വെല്ലുവിളിച്ചിട്ടുണ്ട്.
24 ന്യൂസ് ചാനൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ തെളിവുകൾ പുറത്തുവന്നിട്ടും അതൊന്നും അവതാരകൻ എന്തുകൊണ്ടാണ് ചോദിക്കാതിരുന്നതെന്ന് ലക്ഷ്മി പദ്മ ആരാഞ്ഞിരുന്നു. മാങ്കൂട്ടത്തിലിന്റെ അഭിമുഖവും പിആർ വർക്ക് ആണെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയായിരുന്നു ഈ വിമർഷനം. ഇതാണ് ലക്ഷ്മി പദ്മക്കെതിരെ കടുത്ത അധിക്ഷേപം അഴിച്ചുവിടാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. റിനിക്കെതിരെയും സമാന രീതിയിലാണ് ആക്രമണം.
എന്നാൽ സൈബർ അധിക്ഷേപത്തെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം ഇതുവരേയ്ക്കും തയ്യാറായിട്ടില്ല.










0 comments