ട്രാഫിക് നിയമ ലംഘന കേസുകളിൽ ഈടാക്കിയ 20 ലക്ഷം രൂപ വെട്ടിച്ചു: പൊലീസുകാരി അറസ്റ്റിൽ

wpc arrested
വെബ് ഡെസ്ക്

Published on Aug 27, 2025, 11:43 AM | 1 min read

മൂവാറ്റുപുഴ: ട്രാഫിക് നിയമ ലംഘന കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ വെട്ടിപ്പ് നടത്തിയതിന് സസ്‌പെന്‍ഷനിലായ പൊലീസുകാരി അറസ്റ്റിൽ.  വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശാന്തി കൃഷ്ണനാണ് അറസ്റ്റിലായത്.


ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവരെ പിടികൂടിയത്. ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു.


അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാൻ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് തയാറാവാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.


2018 ജനുവരി ഒന്നുമുതൽ 2022 ഡിസംബർ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പോലീസ് പിരിച്ചെടുത്ത തുകയില്‍നിന്നാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ തട്ടി. ബാങ്കിലടയ്‌ക്കേണ്ട തുക കൈവശമാക്കി.


ട്രഷറി രസീതുകളും (ടിആര്‍ രസീത്), വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയത് എന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.


ഓരോ മാസവും പരമാവധി 35,000 രൂപ വരെ ശമ്പളത്തുക കൈയിൽ കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.


വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി നിരോധന നിയമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് ബുധനാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home