ഓൺലൈൻ വ്യാപാര ലാഭം നൽകാമെന്ന് പറഞ്ഞ് 45 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

ആറ്റിങ്ങൽ: ഓൺലൈൻ വ്യാപാര ലാഭം നൽകാമെന്ന് പറഞ്ഞ് 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ ഇടയ്ക്കാട് സ്വദേശിയായ കിരൺകുമാറിൽ നിന്നും പണം തട്ടിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് കവലക്കോട് കീഴ്പട ഹൗസിൽ ഹരിത കൃഷ്ണ (30)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന അക്യുമെൻ ക്യാപിറ്റർ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യാപാര സ്ഥാപനത്തിലെ ഫ്രാഞ്ചൈസി ആണെന്ന് ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2022 ഏപ്രിൽ 30ന് പരാതിക്കാരന്റെ ആറ്റിങ്ങലിലെ വീട്ടിൽ നിന്നും ഓൺ ലൈൻ വ്യാപാരത്തിൻ്റെ ഡെമോ കാട്ടി ലാഭമുണ്ടാക്കാമെന്ന് കളവായി പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളെ പ്രലോഭിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ ഹരിത, തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. അഹമ്മദാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലായാണ് ഒളിവിൽ കഴിഞ്ഞത്.
ഹരിത കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഐ പിഎസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എസ്എച്ച്ഒ ജി ഗോപകുമാർ, എസ്ഐ എംഎസ് ജിഷ്ണു, എസ്‍സിപിഒമാരായ എസ് പി പ്രശാന്ത്, പ്രശാന്ത് എസ്, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
വ്യാപാരത്തിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആൾക്കാരിൽ നിന്നും ഇവർ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.









0 comments