print edition സ്‌പായിൽ ജോലി വാഗ്‌ദാനംചെയ്‌ത് ബലാത്സംഗം; പ്രധാന പ്രതിയായ യുവതിയും സഹായിയും ഒളിവിൽ

ശ്രീരാജ് (ഇടത്), ജിത്ത് (വലത്)
കളമശേരി: സ്‌പായിൽ ജോലി വാഗ്‌ദാനംചെയ്‌ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രധാനപ്രതിയായ വനിതയും സഹായിയും ഇപ്പോഴും ഒളിവിൽ. ബലാത്സംഗത്തിന് ഒത്താശചെയ്‌ത വയനാട് സ്വദേശിനിയാണ് രണ്ടാംപ്രതി. എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്; വിവാഹിതയുമാണിവർ.
യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ആലപ്പുഴ കാർത്തികപ്പിള്ളി എസ് ആർ നിവാസിൽ ഇരിക്കാവ് ശ്രീരാജ് (30), തൃക്കാക്കര നോർത്ത് തേവക്കൽ കുതിരപ്പറമ്പിൽ വീട്ടിൽ ജിത്ത് മാർട്ടിൻ (27) എന്നിവർ കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു.
യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബിയറും മയക്കുമരുന്നും നൽകിയശേഷമായിരുന്നു ബലാത്സംഗം. പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌പായിൽ ജോലിക്കെന്ന പേരിൽ വെള്ളി രാവിലെയാണ് യുവതിയെ സംഘം ഇടപ്പള്ളിയിലെ ലോഡ്‌ജിൽ എത്തിച്ചത്. അഭിമുഖത്തിനുശേഷം പറഞ്ഞുവിട്ടു. പിന്നീട്, ജോലിക്കെടുത്തുവെന്നുപറഞ്ഞ് സംഘത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി ലോഡ്ജിലേക്ക് വൈകിട്ട് ക്ഷണിച്ചു.
അവർ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജിൽ എത്തിയത്. ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി യുവതിയെ ബോധരഹിതയാക്കി. വെള്ളി രാത്രിയും ശനിയാഴ്‌ചയും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനി വൈകിട്ട് ബോധം വന്നപ്പോഴാണ് ഇവിടെനിന്ന് രക്ഷപ്പെട്ടത്.
ടാക്‌സിഡ്രൈവറായ ഭർത്താവ് യാത്രയിലായിരുന്നതിനാൽ യുവതി വീട്ടിൽ തിരികെ എത്താത്തത്ത് അറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
യുവതി പരാതി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. സുഹൃത്തുക്കളുടെ പരാതിയിലാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീരാജ് നടത്തിയിരുന്നത് 4 സ്‌പാ
ജോലി വാഗ്ദാനംചെയ്ത് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇടപ്പള്ളിയിലെ ഡിലൈറ്റ് ആയുർവേദിക് വെൽനെസ് സ്പാ പൊലീസ് അടച്ചുപൂട്ടി. രണ്ടുവർഷമായി ലൈസൻസ് പുതുക്കാതെയായിരുന്നു പ്രവർത്തനം.
സ്ഥാപനം കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കുശേഷം അടച്ചുപൂട്ടിയത്. നിധിൻരാജ് എന്നയാളുടെ പേരിലുള്ള സ്ഥാപനം ശ്രീരാജാണ് നടത്തിയിരുന്നത്. ഇതടക്കം നാല് സ്‌പാകൾ ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തി.









0 comments