വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും: എം വി ഗോവിന്ദൻ

തൃശൂർ: വിശ്വാസികളെ കൂടെ നിർത്തി വർഗീയവാദികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം മതവിശ്വാസത്തിനെതിരായി നിലകൊള്ളുന്ന പാർടിയല്ല. വിശ്വാസികളെ ചേർത്തു പിടിക്കുന്ന പ്രസ്ഥാനമാണ്. അന്ധവിശ്വാസം ഉൾപ്പടെയുള്ള തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ വിശ്വാസികളുടെ പിന്തുണ വേണം.
ഇതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തണം.1957 ലെ ഇഎംഎസ് സർക്കാർ മുതലുള്ള കമ്യൂണിസ്റ്റ് - ഇടതു പക്ഷ സർക്കാരുകൾ സ്വീകരിച്ച നടപടികളാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. വരുന്ന നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത കേരളമായി മാറും. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾക്ക് പുറത്ത് ദേശാഭിമാനി പോലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഇടതുപക്ഷ പത്രമില്ല. സത്യാനന്തര കാലത്ത് ആശയപ്രചാരണം പ്രധാനമാണ്. കോർപറേറ്റുകൾ മാധ്യമ മേഖലയിൽ വൻ തോതിൽ പണം മുടക്കുന്നു. സ്വന്തം താൽപ്പര്യം സംരക്ഷിക്കാനുള്ള ഉൽപാദനോപാധികളുടെ ഭാഗമാക്കി മാറ്റുകയാണ്.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ നയങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പറയാതെയാണ് പ്രധാനമന്ത്രി മോദി റഷ്യയിലേയ്ക്കും ചൈനയിലേയ്ക്കും പോകുന്നത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ദേശാഭിമാനി ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പോരാട്ടം വർഗീയതയ്ക്ക് എതിരെയാണ്. വിശ്വാസികൾ വർഗീയ വാദികളല്ല. വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാരും വിശ്വാസത്തിൻ്റെ പേരിൽ രാഷ്ട്രീയ അധികാരത്തിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരാണ് വർഗീയ വാദികൾ. വിശ്വാസികളെ പൂർണമായും വിശ്വാസത്തിലെടുത്ത് വർഗീയതയ്ക്കെതിരെ പോരാട്ടം സംഘടിപ്പിക്കണം. വർഗീയതയെ തകർക്കാതെ നവ ഫാസിസത്തെ പ്രതിരോധിക്കാനാവില്ല- എം വി ഗോവിന്ദൻ പറഞ്ഞു.









0 comments