കരാർ ജീവനക്കാരെ പിരിച്ചുവിടാൻ അനുവദിക്കില്ല: എളമരം കരീം

തൃശൂർ: കേരളത്തിൽ വിവിധ മേഖലകളിൽ വർഷങ്ങളായി ജോലിചെയ്യുന്ന കരാർ തൊഴിലാളികളെ ഭരണമാറ്റത്തിന്റെ മറവിൽ പിരിച്ചുവിടാൻ അനുവദിക്കില്ലെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിട്ടാൽ സിഐടിയുവിന്റെ സമരശേഷി സർക്കാർ അറിയും. സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ യോഗം തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു മടിയുമില്ലാത്ത പാർടിയാണ് കോൺഗ്രസ്. കേന്ദ്രസർക്കാർ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്‌ത ഉടൻ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും വിജ്ഞാപനമിറക്കി. കേരളത്തിൽ ലേബർ കോഡുകൾ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നിലപാട് എടുത്തിരുന്നു. പുതിയ സർക്കാർ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങിയാൽ ശക്തമായ ചെറുത്തുനിൽപ്പുണ്ടാവും.
ലേബർ കോഡ് നടപ്പാക്കിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിരോധമാണ് ഉയർന്നുവന്നത്. നോയ്‌ഡയിൽ ലേബർ കോഡിന് പുല്ലുവില കൽപ്പിച്ചാണ് തൊഴിലാളികൾ സമര രംഗത്തിറങ്ങിയത്. സ്വമേധയാ ഉയർന്നുവന്ന സമരമായിരുന്നു അത്. വൻകിട വ്യവസായ മേഖലയിലെ സ്ഥിരം തൊഴിലാളികളെല്ലാം കരാർ തൊഴിലാളികളായി മാറി. തൊഴിൽ സമയം 12 മണിക്കൂറായി ഉയർന്നു. അധികജോലിക്ക് അധിക ശമ്പളം നൽകാതായി. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ ശ്രമിച്ചു. സിഐടിയു ഇടപ്പെട്ടശേഷമാണ് സമര രംഗത്തുള്ളവർക്ക് ആത്മവിശ്വാസമുയർന്നത്. ഓൾഇന്ത്യ ലോയേഴ്സ് യൂണിയൻ ആവശ്യമായ നിയമ സഹായവുമൊരുക്കി. സിഐടിയു രംഗത്തിറങ്ങിയതോടെ സംസ്ഥാന സർക്കാരുകൾ മിനിമം കൂലി ഉയർത്തി ഉത്തരവിറക്കി. എന്നാൽ ആവശ്യമായ ചർച്ചകൾ നടത്താതെയായിരുന്നു ഇൗ നടപടി.










0 comments