print edition സർക്കാർ നടപടിയില്ലെങ്കിൽ ഇടപെടും; ഒരു പ്രതിയെയും രക്ഷിക്കാനാകില്ല

കൊച്ചി : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിനെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചതിൽ സംസ്ഥാന സർക്കാരിനും ആഭ്യന്തരവകുപ്പിനും വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശം.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്നും വിശദ അന്വേഷണത്തിന് ഉത്തരവിടുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവെെഎസ്‌പി സുധീർ കല്ലൻ, എസ്‌പി കെ വി വേണുഗോപാൽ എന്നിവർ കോടതിയില്‍ ഹാജരായിരുന്നു. ‘നിങ്ങള്‍ക്ക് ഒരു പ്രതിയെയും രക്ഷിക്കാനാവില്ല’ കോടതി ഓർമിപ്പിച്ചു. നീതിയും കോടതിയും അന്യംനിന്നുപോയിട്ടില്ല. സുപ്രധാന കേസിൽ ഗുരുതര വീഴ്‌ചയുണ്ടായെന്നും അച്ചടക്കനടപടി വാങ്ങിവയ്‌ക്കരുതെന്നും ഡിവൈഎസ്‌പിയെ അടുത്തേക്ക് വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. നിയമവും നടപടിക്രമങ്ങളും പാലിക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. ആരെയും ഉപദ്രവിക്കാമെന്ന ചിന്തയൊന്നും വേണ്ട. ഓരോ കേസിലും പ്രത്യേകം നിര്‍ദേശം നൽകാനാവില്ല. ഡിവൈഎസ്‌പിയായിട്ട് എത്രനാളായെന്ന് സുധീർ കല്ലനോട് ആരാഞ്ഞു. എത്ര അറസ്റ്റ് രേഖപ്പെടുത്തിയെന്നും 22 വർഷം സർവീസുള്ളയാൾ ഈ കേസുമാത്രം കുഴപ്പമാക്കിയതെന്തിനെന്നും ചോദിച്ചു. അറസ്റ്റിലെ നടപടിക്രമം അറിയില്ലേ? സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ വായിച്ചിട്ടില്ലേ? പ്രതിയെ അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാത്തത് മനഃപൂര്‍വമാണോ, പ്രതി രക്ഷപ്പെട്ടോട്ടെയെന്ന് മേലുദ്യോഗസ്ഥർ പറഞ്ഞോയെന്നും ചോദിച്ചു.
തെറ്റുപറ്റിയിട്ടില്ലെന്നും പ്രതിക്കായി കർണാടകത്തിൽവരെ അന്വേഷിച്ചിരുന്നുവെന്നും ഡിവൈഎസ്‌പി മറുപടി പറഞ്ഞു. പ്രതിയെ വീണ്ടും അറസ്റ്റ്ചെയ്‌ത് റിമാൻഡിലാക്കിയെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടികൾ ആരംഭിച്ചെന്നും തീരുമാനം അറിയിക്കുമെന്നും വിശദീകരിച്ചു. റിപ്പോർട്ട് നല്‍കാന്‍ നിർദേശിച്ച് കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റി. അറസ്റ്റ് വ്യവസ്ഥ പാലിക്കാതെ ഹാജരാക്കിയ ഡോ. റാമിനെ തലശേരി പ്രത്യേക കോടതി ആദ്യം വിട്ടയച്ചിരുന്നു. ഇതിനെതിരെ നിധിൻരാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജിയാണ് ഹൈക്കോടതി പരിഗണി ച്ചത്.










0 comments