വന്യജീവി ആക്രമണത്തിന് പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രിയെ തെരുവിൽ തടയും: കർഷകസംഘം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വനം മന്ത്രിയെ തെരുവിൽ തടയുമെന്ന് കർഷകസംഘം. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ആറു കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വനംമന്ത്രി നടപടി സ്വീകരിക്കുന്നില്ല. ഇരകളേയും കുടുംബങ്ങളേയും പരിഹസിക്കുന്നു. സൂര്യനെല്ലിയിൽ മാരിയെ കാട്ടാന കൊലപ്പെടുത്തിയ ദിവസം അടുത്തുള്ള ആലുവ- മൂന്നാർ രാജപാത സഞ്ചരിച്ചിട്ടും മരണവീട്ടിലേക്ക് പോയില്ല.
ചികിത്സയിലുള്ള മാരിയുടെ മകനെ കാണാൻ ആശുപത്രിയിലേക്കും പോയില്ല. വനംവകുപ്പിന്റെ ഉദാസീനതയാണ് മാരിയുടെ മരണത്തിന് വഴിവച്ചത്. ആന പ്രദേശത്ത് നിലയുറപ്പിച്ചിട്ടും മുൻകരുതലെടുക്കാൻ വനംവകുപ്പിന് കഴിഞ്ഞില്ല. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപയാണ് മുൻസർക്കാർ നൽകിയിരുന്നത്. 21 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനം യുഡിഎഫ് പാലിച്ചില്ല.
പ്രതിപക്ഷത്തായിരുന്നപ്പോൾ വന്യമൃഗ ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി അന്നത്തെ ഇടതുപക്ഷ സർക്കാരായിരുന്നുവെന്നുള്ള നുണപ്രചാരണം നടത്തിയവരാണ് കോൺഗ്രസ്. ശാശ്വത പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ കർഷകസംഘം പ്രവർത്തകർ വനംമന്ത്രിയെ തെരുവിൽ തടയുമെന്ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പ്രസിഡന്റ് എം വിജയകുമാറും പ്രസ്താവനയിൽ അറിയിച്ചു.










0 comments