print edition വനം– വന്യജീവി നിയമഭേദഗതി: കേന്ദ്രത്തിനെതിരെ മിണ്ടാട്ടമില്ല

ബിമൽ പേരയം
Published on Jun 09, 2026, 12:01 AM | 1 min read
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം തുടർക്കഥയാകുന്പോൾ കേന്ദ്ര വനം–വന്യജീവി നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തിൽ മിണ്ടാട്ടമില്ലാതെ സംസ്ഥാന സർക്കാർ. മൂന്നാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിട്ടും കുലുക്കമില്ല. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭ അംഗീകാരം നൽകിയ വന്യജീവി സംരക്ഷണനിയമ ഭേദഗതിയുടെ കരട് ബിൽ ഗവർണർ ഒപ്പിട്ടശേഷം രാഷ്‌ട്രപതിയുടെ അനുമതിക്ക് സമർപ്പിച്ചിരുന്നു. ജനവാസമേഖലയിലിറങ്ങി ആളുകളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടൻ വെടിവച്ചു കൊല്ലാൻ ഉത്തരവിടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി.
കേന്ദ്രനിയമത്തിലെ അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമം ഇതോടെ ഒഴിവാക്കപ്പെടും. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ ബില്ലിലുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ കർഷകന് കൊല്ലാം. ഇറച്ചി ഭക്ഷണത്തിനായി ഉപയോഗിക്കാനും തടസ്സമില്ല. നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽനിന്ന് രണ്ടിലേക്ക് മാറ്റാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യത്ത് ആദ്യമായി നിയമഭേദഗതിക്കുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ നിലവിലുള്ള കേന്ദ്രനിയമമനുസരിച്ച് മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വ്യാജപ്രചാരണമാണ് കോൺഗ്രസിലെ ഡീൻ കുര്യാക്കോസ് അടക്കമുള്ള എംപിമാർ ഉന്നയിച്ചത്.
എൽഡിഎഫിനെ എതിർക്കാൻ അന്ന് അജ്ഞത അലങ്കാരമാക്കിയവർ ഭരണത്തിലെത്തിയപ്പോൾ ബിൽ ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെടുമോ എന്നതാണ് വന്യമൃഗഭീഷണി നേരിടുന്നവർ ഉറ്റുനോക്കുന്നത്. ഓരോ മരണം ഉണ്ടാകുന്പോഴും പ്രശ്‌നത്തിൽ ഒറ്റമൂലിയില്ലെന്നും രണ്ടുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരം കാണുമെന്നും പറഞ്ഞ് മലക്കം മറിയുകയാണ് മന്ത്രി.










0 comments