ad
Deshabhimani

print edition വന്യജീവി ബില്ലിന്‌ 
കേന്ദ്രം തടസ്സം: മുഖ്യമന്ത്രി

wild life conflict
വെബ് ഡെസ്ക്

Published on Mar 26, 2026, 01:50 AM | 1 min read

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ഗുരുതരമായ സാമൂഹിക പ്രശ്നമായതിനാൽ സംസ്ഥാന സർക്കാർ തുടർച്ചയായി വിഷയത്തിൽ ഇടപെടുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും വനം ഭേദഗതി ബില്ലും നിയമസഭ പാസാക്കി.


മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബില്ലുകൾക്ക് കേന്ദ്രതലത്തിൽ അംഗീകാരം ലഭിക്കാതെ തടസ്സപ്പെട്ടിരിക്കുകയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം വലിയൊരു തടസ്സമായി തുടരുന്നു.


സംസ്ഥാനത്തിന് സ്വതന്ത്രമായി നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നിഷേധിച്ചു. ഈ നിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. അതിൽ ആവശ്യമായ ഭേദഗതി വരുത്താൻ ബിജെപി സർക്കാർ തയ്യാറാകാത്തത്‌ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.


മലയോര ജനതയ്ക്ക് ആശ്വാസം നൽകുന്നതിനായി നഷ്ടപരിഹാര തുക വർധിപ്പിച്ചു. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായം 10 ലക്ഷം രൂപയിൽനിന്ന് 14 ലക്ഷം രൂപയാക്കി. പാമ്പ്, തേനീച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കും നാല്‌ ലക്ഷം രൂപ നൽകും. ഗുരുതരമായി പരിക്കേൽക്കുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കും ധനസഹായം ഉറപ്പാക്കി.


സംരക്ഷിത വനമേഖലകളുടെ ചുറ്റുമുള്ള നിർബന്ധിത ബഫർ സോണിൽനിന്ന് ജനവാസമേഖലകളെ ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയിൽ അനുകൂല വിധി നേടി. ഇത് മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ നിർണായകമായ മുന്നേറ്റമാണ്– മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home