ധോണിയിൽ ആനകൂട്ടം ഉപേക്ഷിച്ച കാട്ടാനക്കുട്ടി ചരിഞ്ഞു

പാലക്കാട്: ധോണിയിൽ ആനകൂട്ടം ഉപേക്ഷിച്ച കാട്ടാനക്കുട്ടി ചരിഞ്ഞു. അട്ടപ്പാടി മേലേ അബ്ബണ്ണൂരിലെ പാറയിടുക്കിൽ നിന്ന് വനംവകുപ്പ് രക്ഷിച്ച് ധോണിയിലെ ആന പരിചരണ കേന്ദ്രത്തിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ച കാട്ടാനക്കുട്ടിയാണ് ചരിഞ്ഞത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണ കാരണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വയറിളക്കവും പിടിപ്പെട്ടിരുന്നു. ജഡം പോസ്റ്റുമാർട്ടത്തിനുശേഷം കേന്ദ്രത്തിൽ സംസ്‌കരിച്ചു.
എട്ടുദിവസംമാത്രം പ്രായമുള്ള കുട്ടിയാനയെ കഴിഞ്ഞ 18നാണ് ധോണിയിലെത്തിലെത്തിച്ചത്. ആനകൂട്ടം ഉപേക്ഷിച്ച നിലയിലായിരുന്നു. തൊലിക്കുമേലെ ചെറിയ പരിക്കേറ്റിരുന്നു. ഡോ. ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കേന്ദ്രത്തിലുള്ള അഗസ്റ്റിൻ എന്ന കുങ്കിയാനയുടെ പാപ്പാനും അദ്ദേഹത്തിന്റെ ഭാര്യയും കേന്ദ്രത്തിലെ ജീവനക്കാരുമായിരുന്ന പരിചരിച്ചിരുന്നത്.
അബ്ബണ്ണൂരിൽ വനത്തിൽ ഒരുക്കിയ താൽക്കാലിക കൂട്ടിലായിരുന്നു ആനക്കുട്ടിയെ വനംവകുപ്പ് ആദ്യം പാർപ്പിച്ചിരുന്നത്. ഒറ്റപ്പെട്ടുപോയ കാട്ടാനക്കുട്ടി അഞ്ചുദിവസം കാത്തിരുന്നെങ്കിലും ഒപ്പം കൂട്ടാൻ അമ്മയാന തയ്യാറായിരുന്നില്ല. ആദ്യം പ്രദേശത്ത് ഉണ്ടായിരുന്ന അമ്മയാന കാടുകയറിയതോടെയാണ് വനംവകുപ്പ് കുട്ടിയാനയെ ധോണിയിലേക്ക് മാറ്റിയത്.










0 comments