തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിനും ചിമ്മിനി ഡാമിനും ഇടയിലുള്ള ഒളകരകവ എന്ന സ്ഥലത്തുവെച്ചാണ് സംഭവം.
ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെ പിടിയാന പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ മുന്നിൽപ്പെട്ട സംഘം ചിതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അരമണിക്കൂറിന് ശേഷം കൂടെയുണ്ടായിരുന്നവർ തിരച്ചെത്തിയപ്പോഴാണ് കുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെയും മറ്റ് വാച്ചർമാരുടെയും സഹായത്തോടെ കുമാറിനെ വനത്തിന് പുറത്തെത്തിച്ച് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലപ്പിള്ളി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. മണ്ണാർക്കാട് മേഖലയിലും കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടിരുന്നു.










0 comments