print edition കാട്ടാന ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം

സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മൃതദേഹവുമായി പ്രദേശവാസികൾ ചിന്നക്കനാൽ സിഎച്ച്സിക്ക് മുന്നിൽ പ്രതിഷേധിക്കുന്നു
സൂര്യനെല്ലി: സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയാക്രമണത്തിൽ തോട്ടംതൊഴിലാളിയായ യുവതി കൊല്ലപ്പെട്ടതിൽ വിലക്ക് ആശുപത്രിവളപ്പിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു. കാട്ടാന ആക്രമണങ്ങളിൽനിന്ന് ശാശ്വത പരിഹാരം വേണമെന്നും അർഹമായ നഷ്ടപരിഹാരം നൽകി അനാഥരായ കുട്ടികളെ സർക്കാർ സംരക്ഷിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഭവം നടന്ന് ഏറെ കഴിഞ്ഞാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയത്.
ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗത്തില്‍ അടിയന്തരമായി നഷ്‍ടപരിഹാരം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. നഷ്‍ടപരിഹാരം ഉടൻ കൈമാറുകയും കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്‌തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സമരക്കാർ അറിയിച്ചു. എഫ് രാജ എംഎല്‍എ, കലക്‍ടര്‍ ദിനേശൻ ചെറുവാട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണത്തിൽ 13 പേരുടെ ജീവനാണ് നഷ്ടമായത്. ജനവാസ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്യമൃഗ ആക്രമണങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തി. വന്യജീവി ആക്രമണങ്ങൾ തടയാൻ അടിയന്തരവും ഫലപ്രദവുമായ നടപടിയാണ് ജനകീയ ആവശ്യം.










0 comments