നിയമങ്ങൾ മാറ്റാൻ കേന്ദ്രം തയ്യാറാകാതെ പ്രശ്‌നം പരിഹരിക്കാനാകില്ല , സംസ്ഥാനത്തിനുമേൽ കുറ്റാരോപണം നടത്തുകയാണ് കേന്ദ്രം
വന്യജീവി സംഘർഷം ; കേന്ദ്രനിലപാട് പ്രതികൂലം : മുഖ്യമന്ത്രി

കോഴിക്കോട്
മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ നിയമങ്ങളിൽ മാറ്റംവരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമങ്ങൾ മാറ്റാൻ കേന്ദ്രം തയ്യാറാകാതെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകില്ല. സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വസ്‌തുതകൾ മറച്ചുവച്ച് സംസ്ഥാനത്തിനുമേൽ കുറ്റാരോപണം നടത്തുകയാണ് കേന്ദ്രം. സംസ്ഥാനം എന്തുചെയ്‌തു എന്ന് മനസ്സിലാക്കാതെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ബോധപൂർവ നീക്കവുമുണ്ട്. മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി ഉദ്‌ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. കേന്ദ്ര വനം വന്യജീവി നിയമത്തിലെ ഒന്ന്, രണ്ട് പട്ടികകളിൽപ്പെട്ട നിയമം മാറ്റാൻ തയ്യാറാകുന്നുമില്ല. അപകടകാരിയായി പ്രഖ്യാപിച്ച മൃഗത്തെ വെടിവച്ചുകൊല്ലാം. എന്നാൽ നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുവർഷത്തിനകം 79.14 കോടി രൂപ നഷ്‌ടപരിഹാരമായി സർക്കാർ നൽകി. ലഭിച്ച അപേക്ഷയിൽ 95 ശതമാനത്തിലും നഷ്‌ടപരിഹാരം നൽകി. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽനിന്ന് തുച്ഛമായ തുകയാണ് നൽകുന്നത്. വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. പ്രശ്‌നബാധിതരെ സഹായിക്കുന്നതിൽ സംസ്ഥാനം പിറകോട്ടില്ല. ഇൗ ബജറ്റിലും 70കോടി രൂപ സംസ്ഥാനം നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി.
മന്ത്രി ഒ കേളു, മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ ടി പി രാമകൃഷ്‌ണൻ, അഹമ്മദ് ദേവർകോവിൽ, കെ പി കുഞ്ഞമ്മദ്‌കുട്ടി, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വനം പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, വനം മേധാവി രാജേഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സർപ്പ വളന്റിയർ വിദ്യാ രാജുവിനെ ആദരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്‌ണൻ സ്വാഗതവും ഉത്തരമേഖല ചീഫ് വനം കൺസർവേറ്റർ ബി എൻ അഞ്ജൻകുമാർ നന്ദിയും പറഞ്ഞു.








0 comments