കാട്ടാന, കടുവ ആക്രമണം ; കേരളത്തിൽ മരണം കുറവെന്ന് കേന്ദ്രത്തിന്റെ കണക്ക്

ആലപ്പുഴ : കാട്ടാന, കടുവ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കേരളം ഒമ്പതാമത് മാത്രമെന്ന് കേന്ദ്രസർക്കാരിന്റെ കണക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 3247 പേർ കൊല്ലപ്പെട്ടപ്പോൾ കേരളത്തിൽ മരിച്ചത് 104 പേർ. 2020 മുതൽ 2024വരെ രാജ്യത്ത് കടുവയുടെ ആക്രമണത്തിൽ 378 പേരും കാട്ടാന ആക്രമണത്തിൽ 2869 പേരുമാണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ മാത്രം 624 ജീവൻ നഷ്‌ടമായ ഒഡിഷയാണ് പട്ടികയിൽ ഒന്നാമത്. ജാർഖണ്ഡ് –- 474, പശ്ചിമ ബംഗാൾ –- 436, അസം – -383, ഛത്തീസ്ഗഢ് –- 303, തമിഴ്നാട് –- 256, കര്‍ണാടകം –- 160, കേരളം –- 102, ഉത്തരാഖണ്ഡ് –- 46, ആന്ധ്രപ്രദേശ് –- 25 എന്നിങ്ങനെയാണ് കാട്ടാന ആക്രമണത്തിൽ കൂടുതൽ ജീവൻ നഷ്‌ടമായ ആദ്യ 10 സ്ഥാനക്കാർ.
കടുവയുടെ ആക്രമണത്തിൽ കൂടുതൽ പേർക്ക് ജീവൻ നഷ്‌ടമായത് മഹാരാഷ്‌ട്രയിൽ –- 218, ഉത്തർപ്രദേശ് –- 61, മധ്യപ്രദേശ് – -32, ബിഹാർ – -17, കര്‍ണാടകം –- 12, പശ്ചിമബംഗാൾ –- 12, ഉത്തരാഖണ്ഡ് –- 9, തമിഴ്നാട് –- 5, അസം – -4, തെലങ്കാന – -3, ഛത്തീസ്ഗഢ് – -3 എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ. കേരളത്തിൽ ഇക്കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ 102പേരും കടുവയുടെ ആക്രമണത്തിൽ രണ്ടുപേരും മരിച്ചു.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വനം–-പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ.
മനുഷ്യ-–-വന്യജീവി സംഘർഷം- ലഘൂകരിക്കാൻ 10 പുതിയ മിഷനുകൾക്ക് രൂപംനൽകി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. 75 നിയമസഭാ മണ്ഡലങ്ങളിലെ 273 പഞ്ചായത്തുകൾ ഹോട്ട് സ്‌പോട്ടുകളായി തിരിച്ച് കർമപദ്ധതി തയ്യാറാക്കിയാണ് കേരളം മാതൃക കാണിക്കുന്നത്.








0 comments