അപകടകാരികളായ വന്യജീവികളെ കൊല്ലണം ; കേന്ദ്ര അനുമതി തേടി കേരളം

തിരുവനന്തപുരം
മനുഷ്യ വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ മലയോര ജനതയുടെ കണ്ണീരൊപ്പാനുള്ള തുടർ ഇടപെടലുമായി സംസ്ഥാന സർക്കാർ.
മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്രത്തിന്റെ അനുമതി തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമ സെക്രട്ടറിയുമായി കൂടിയാലോചിച്ച് നിയമനിർമാണം അടക്കമുള്ള നിർദേശം വനംസെക്രട്ടറിവഴി സമർപ്പിക്കും. കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ച് കൊല്ലാൻ നിലവിലുള്ള അനുമതി ഒരുവർഷംകൂടി നീട്ടി.
1972ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് കേന്ദ്ര വന്യജീവി സംരക്ഷണനിയമം പാസാക്കിയത്. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും നിയമത്തിൽ ഭേദഗതി വരുത്താൻ മാറിമാറി വന്ന കോൺഗ്രസ്, ബിജെപി സർക്കാർ തയ്യാറായില്ല. സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 451 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേന്ദ്ര നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് 2024 ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി സമരം നടത്തിയിട്ടും കേന്ദ്രം അനങ്ങിയില്ല. ഈ സാഹചര്യത്തിലും മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനും കൃഷി വീണ്ടെടുക്കാനുമുള്ള പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങി.
അക്കേഷ്യ, യൂക്കാലിപ്‌റ്റസ്, മാഞ്ചിയം പോലുള്ള വൃക്ഷങ്ങൾ ഘട്ടംഘട്ടമായി നീക്കി സ്വാഭാവിക വനം പുനസ്ഥാപിക്കാൻ നടപടിയെടുത്തു. വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തി ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി 10 മിഷനുകൾക്കും രൂപം നൽകി. വന്യജീവി ആക്രമണത്തിൽ ഇരയാകുന്നവർക്ക് നഷ്‌ടപരിഹാരത്തുക ഇരട്ടിയാക്കി. കേന്ദ്രനിയമപ്രകാരം വന്യജീവി അല്ലാതിരുന്നിട്ടും തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും നഷ്‌ടപരിഹാരം നൽകി. ചികിത്സാച്ചെലവ് ലഭിക്കാനുള്ള വ്യവസ്ഥയും ലഘൂകരിച്ചു.
നാല് വർഷത്തിനിടെ 55.84 കോടി രൂപ നഷ്‌ടപരിഹാരമായി നൽകി. മനുഷ്യജീവന് ഭീഷണിയായ പിഎം 2, പിടി 7, അരിക്കൊമ്പൻ എന്നീ ആനകളെ പിടികൂടി.
മാനന്തവാടിയിലടക്കം നിരവധി നരഭോജി കടുവകളെ മയക്കുമരുന്നുവച്ച് പിടികൂടി. എന്നാലിതിൽ ശാശ്വത പരിഹാരം കാണാനുള്ള മാർഗമായാണ് നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊല്ലാനുള്ള അനുമതി തേടുന്നത്.








0 comments