വന്യജീവി ആക്രമണം തടയൽ ; പരിഹാരത്തിന് കൂട്ടാക്കാതെ കേന്ദ്രം

തിരുവനന്തപുരം
അപകടകാരികളായ വന്യജീവികളെ കൊന്ന് കർഷകന് ആശ്വാസമേകാനും ശാശ്വതപരിഹാരം കാണാനുമുള്ള സംസ്ഥാനസർക്കാരിന്റെ ഇടപെടലുകൾക്ക് കേന്ദ്രം വീണ്ടും വിലങ്ങുതടി. വനം–- വന്യജീവി സംരക്ഷണനിയമത്തിലെ ഒന്ന്, രണ്ട് പട്ടികകളിൽപ്പെട്ട എല്ലാ മൃഗങ്ങളും വനത്തിനകത്തായാലും പുറത്തായാലും വന്യജീവികളാണ്. ഈ നിയമത്തിൽ മാറ്റംവരുത്താനാകില്ലെന്നാണ് കേന്ദ്ര നിലപാട്.
അപകടകാരികളായ മൃഗങ്ങളെ സംസ്ഥാന സർക്കാരിന് വെടിവച്ചുകൊല്ലാമെന്ന് പറയുമ്പോഴും നടപടിക്രമങ്ങൾ സങ്കീർണമാണ്. കടുവയോ പുലിയോ നാട്ടിലിറങ്ങിയാൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ പ്രതിനിധി, മൃഗഡോക്‌ടർ, തദ്ദേശസ്ഥാപനത്തിന്റെയും എൻജിഒയുടെയും പ്രതിനിധി, ഡിഎഫ്‌ഒ എന്നിവരുൾപ്പെട്ട ആറംഗസമിതി രൂപീകരിക്കണം, ആക്രമണം നടത്തിയ വന്യജീവിയെ കാമറയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് കെണിയൊരുക്കണം, 144 പ്രഖ്യാപിച്ച് ജനങ്ങളെ നിയന്ത്രിക്കണം, കെണി ഫലപ്രദമായില്ലെങ്കിൽ മാത്രം മയക്കുവെടി വയ്‌ക്കാം, മയക്കുവെടിവയ്‌ക്കുമ്പോൾ വന്യമൃഗം ആരോഗ്യവാനോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം, ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നുവിടണം. ഇത് ലഘൂകരിക്കാനുള്ള നിയമഭേദഗതികൾക്ക് കേന്ദ്രം തയ്യാറാകാത്തിടത്തോളംകാലം ശാശ്വതപരിഹാരം കാണാൻ സംസ്ഥാനത്തിന് കഴിയില്ല.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളി. എന്നാൽ, സംസ്ഥാനസർക്കാരിന്റെ മേൽ കുറ്റമാരോപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്.
കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ല : എ കെ ശശീന്ദ്രൻ
വന്യജീവി വിഷയത്തിൽ കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രിയുടെ പ്രതികരണം അർധസത്യം മാത്രമാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതാണിത്. വെടിവയ്ക്കാൻ കേന്ദ്രം പറയുന്ന ചട്ടം അപ്രായോഗികമാണ്.
കടുവ, പുലി എന്നിവ ജനവാസകേന്ദ്രങ്ങളിലെത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാനാകില്ല. അപഹാസ്യമായ ഉപാധികളാണ് വച്ചിരിക്കുന്നത്. നിർദേശം പാലിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. കേന്ദ്രനീക്കം കേരള സർക്കാരിനെതിരെയാണ്.
ആകെയുള്ള വനാതിർത്തിയിൽ 70 ശതമാനത്തിലാണ് വേലിയുള്ളത്. അതിൽ 20 ശതമാനം പ്രവർത്തനരഹിതമാണ്. ഇത് പ്രവർത്തനക്ഷമമാക്കും. ബാക്കിയിടത്ത് വേലി കെട്ടാൻ ടെൻഡർ വിളിക്കും.
നിലവിലെ കേന്ദ്ര ചട്ടത്തിൽ ഇളവ് വേണമെന്നും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിന്റെ ദുരന്തമാണ് മലയോര ജനത അനുഭവിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.








0 comments