ഓർക്കണം യുഡിഎഫ് ഭരണം ; അന്ന് വന്യമൃഗങ്ങൾ കൊന്നത് 71 പേരെ


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 12, 2025, 01:18 AM | 1 min read
പത്തനംതിട്ട
വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ ഏറെയായിട്ടും കഴിഞ്ഞ യുഡിഎഫ് സർക്കാർ തികഞ്ഞ അലംഭാവം കാട്ടി. അക്കാലത്ത് വന്യജീവികൾ കൊന്നൊടുക്കിയത് 71 പേരെ. 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 68 പേരെ കാട്ടാനകളും മൂന്നുപേരെ കടുവകളും കൊന്നു. ഇതു മറച്ചുവച്ചാണ് ‘തങ്ങൾ അധികാരത്തിലെത്തിയാൽ വന്യജീവികൾ നാട്ടിലിറങ്ങില്ല ’ എന്ന് യുഡിഎഫ് നേതാക്കൾ പ്രചരിപ്പിക്കുന്നത്.
യുഡിഎഫ് കാലത്ത് കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യാനോ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിനോ ഇടപെടലുണ്ടായില്ല. മനുഷ്യനെ കൊന്ന ഒരു മൃഗത്തെയും അക്കാലത്തും വെടിവച്ചുകൊന്നിട്ടില്ല. അതേസമയം എൽഡിഎഫ് അധികാരത്തിലെത്തിയശേഷം നിരവധി നരഭോജി കടുവകളെ മയക്കുവെടിവച്ചും കെണിവച്ചും പിടികൂടി. അരിക്കൊമ്പൻ, പിടി–-സെവൻ(ധോണി) ഉൾപ്പെടെ രണ്ട് ആനകളെ പിടികൂടി ജനങ്ങളുടെ ഭീതി ഒഴിവാക്കിയത് പിണറായി സർക്കാരാണ്. അരിക്കൊമ്പൻ ഇപ്പോഴും പൂർണ ആരോഗ്യവാനായി തമിഴ്‌നാട്ടിലെ കാട്ടിൽ ജീവിക്കുന്നു. പിടി സെവനെ രണ്ടുവർഷമായി വനംവകുപ്പ് ചികിത്സിക്കുകയാണ്.
പിണറായി സർക്കാരാണ് നഷ്‌ടപരിഹാരത്തുക വർധിപ്പിച്ചത്. പത്തിലേറെ തവണ, മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്ര വനംമന്ത്രിയെ നേരിൽകണ്ട് വന്യജീവി സംരക്ഷണനിയമം മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. എൽഡിഎഫ് നേതൃത്വത്തിൽ നിരവധി സമരവും ചെയ്‌തു. കേന്ദ്രനിയമത്തിൽ ഭേദഗതിയാവശ്യപ്പെട്ട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയതും കുറച്ചുകാലംമുമ്പാണ്.
അതേസമയം കേരളത്തിനുവേണ്ടി യോജിച്ച പോരാട്ടം നടത്താൻ തയ്യാറാകാത്തവരാണ് യുഡിഎഫ് എംപിമാർ. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലുൾപ്പെടെ വന്യജീവി ആക്രമണത്തിൽ മരണനിരക്ക് വർധിച്ചു. രണ്ടുവർഷത്തിനിടെ കർണാടകത്തിൽ 104 പേരും തമിഴ്‌നാട്ടിൽ 141 പേരും ഒഡീഷയിൽ 414 പേരും ജാർഖണ്ഡിൽ 316 പേരും പശ്‌ചിമ ബംഗാളിൽ 273 പേരും അസമിൽ 217 പേരും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു.








0 comments