വന്യമൃഗ ആക്രമണം: നീലഗിരിയിൽ 4 മാസത്തിനിടെ കൊല്ലപ്പെട്ടത് 8 പേർ

കൽപ്പറ്റ : വയനാട്, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ നീലഗിരിയിൽ നാലുമാസത്തിനിടെ വന്യമൃഗാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് എട്ടുപേർ. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലാണ് വന്യമൃഗാക്രമണം കൂടുതൽ. ഞായർ രാത്രി ഗൂഡല്ലൂർ ബിദർക്കാട് കർഷകനെ കാട്ടാന കൊന്നു. ചന്തക്കുന്ന് സ്വദേശി ജോയി ആന്റണിയാണ് (58) കൊല്ലപ്പെട്ടത്. വീടിന് നൂറ് മീറ്റർ അകലെ കാപ്പിത്തോട്ടത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജോയിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം തിങ്കൾ വൈകിട്ടോടെ സംസ്‌കരിച്ചു.
നീലഗിരിയിൽ കഴിഞ്ഞ ഫെബ്രുവരി 18 മുതൽ ജൂൺ എട്ടുവരെയുള്ള കാലയളവിലാണ് എട്ടുപേരെ വന്യമൃഗങ്ങൾ കൊന്നത്. അഞ്ചുപേർ കാട്ടാനയുടെയും രണ്ടുപേർ കടുവയുടെയും ഒരാൾ കാട്ടുപന്നിയുടെയും ആക്രമണത്തിൽ മരിച്ചു. ഫെബ്രുവരി 18ന് ഇൻകോ നഗർ സ്വദേശി ഗണേശനും (65) മാർച്ച് മൂന്നിന് മസിനഗുഡി ചെക്കനല്ലിയിലെ രാമനും (57) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ക്ഷേത്രോത്സവത്തിന് പോയി മടങ്ങുമ്പോഴായിരുന്നു രാമൻ ആക്രമിക്കപ്പെട്ടത്. രണ്ടുദിവസത്തിനുശേഷം പന്തല്ലൂർ കൊളപ്പള്ളിയിൽ കാട്ടുപന്നി ആക്രമണത്തിൽ കുമാരന്റെ (39) ജീവൻ പൊലിഞ്ഞു.
മാർച്ച് 10ന് കൂനൂരിൽ കാട്ടാന ആക്രമണത്തിൽ ചെമ്പക്കര ഉന്നതിയിലെ വിജയകുമാർ (34) കൊല്ലപ്പെട്ടു. 14ന് ഊട്ടി അരക്കാട് അഞ്ചലയും(52) 26ന് ഊട്ടി കല്ലങ്കോട് കേന്തർ കുട്ടനും (39) കടുവ ആക്രമണത്തിന് ഇരകളായി. ഇരുവരുടെയും മൃതദേഹം പാതി ഭക്ഷിച്ചനിലയിലായിരുന്നു. ഏപ്രിൽ 22ന്
മസിനഗുഡി ബൊക്കാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ പോസ്‌റ്റ് ഓഫീസ് ജീവനക്കാരി മരിച്ചു. മസിനഗുഡി ദർഗ റോഡിലെ സരസ്വതിയാണ് (57) മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഏറ്റവും ഒടുവിലാണ് ജോയി ആന്റണിയെ കൊന്നത്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പരിക്കുപറ്റിയവരും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവരും നിരവധിയാണ്. കാട്ടാനകൾ പതിവായി വീടുകൾ തകർക്കുകയും കൃഷികൾ നശിപ്പിക്കുകയുമാണ്.








0 comments