ഒരുവർഷം നീലഗിരിയിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 16 പേർ


സ്വന്തം ലേഖകൻ
Published on Jan 30, 2025, 09:32 AM | 1 min read
ഗൂഡല്ലൂർ: വയനാടിന്റെ അതിർത്തി ജില്ലയായ തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഒരുവർഷം വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടത് 16 പേർ. 2024 ജനുവരിയിൽ പന്തല്ലൂർ തൊണ്ടിയാളത്ത് ജാർഖണ്ഡ് സ്വദേശികളായ ദമ്പതിമാരുടെ മൂന്നുവയസ്സുള്ള മകളെ പുലികൊന്നു. അങ്കണവാടിയിൽനിന്ന് അമ്മ കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. ഏലമണ്ണയിലെ സരിതയേയും പുലി കൊന്നു.
കഴിഞ്ഞ വർഷം 14 പേരെയാണ് കാട്ടാന കൊന്നത്. ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലായിരുന്നു കൂടുതൽ ആക്രമണം. മാർച്ചിൽ നാലുജീവനാണ് കാട്ടനക്കലിയിൽ പൊലിഞ്ഞത്. ദേവർഷോലയിലെ മാദേവ്, മസിനഗുഡിയിലെ നാഗരാജ്, ഓവേലി ചൂണ്ടിയിൽ പ്രശാന്ത്, ദേവാലയിൽ ഹനീഫ എന്നിവരാണ് മരിച്ചത്.
മെയ് 11ന് അയ്യൻകൊല്ലിയിൽ നാഗമ്മയും 24ന് ദേവാലയിൽ പഴനിയാണ്ടിയും ജൂൺ 17ന് ബിദർകാട് ബെണ്ണയിൽ യെണ്ണനും ആഗസ്‌ത് 22ന് കോത്തഗിരിയിൽ ജാനകിയും സെപ്തംബർ 12ന് മസിനഗുഡിയിൽ നടരാജും 21ന് കോത്തഗിരിയിൽ നിർമലയും 26ന് ചേരമ്പാടി ചപ്പന്തോട് കുഞ്ഞിമൊയ്തീനും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്‌ടോബറിൽ കോത്തഗിരിയിൽ ഷൺമുഖൻ, വിജയരാജ് എന്നീ യുവാക്കളും മരിച്ചു. ഡിസംബർ 24ന് കോത്തഗിരി തേനാട് കോളനിയിലെ ലക്ഷ്മിയും കാട്ടാനയ്ക്ക് ഇരയായി.










0 comments