ad
Deshabhimani

ഖജനാവ് കാലിയായിരുന്നില്ല; മാര്‍ച്ചില്‍ 6322 കോടി രൂപ മിച്ചം; എൽഡിഎഫ് സർക്കാർ വാദം ശരിവെച്ച് ധവളപത്രം

v d satheesan pinarayi vijayan

പിണറായി വിജയൻ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 04, 2026, 12:12 PM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട തുകയുണ്ടായിരുന്നുവെന്ന് സമ്മതിച്ച് ധവളപത്രം. 2025-26 സാമ്പത്തിക വർഷം മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽവെച്ച ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലോടെ ട്രഷറി ബാലൻസ് 5,264 കോടിയായി കുറഞ്ഞു. മെയ് മാസം 2,212 കോടിയിലെത്തി. തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നിട്ടും സതീശൻ ആരോപിച്ചത് പോലെ "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം.


കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 2022ൽ കേന്ദ്രം അവസാനിപ്പിച്ചതോടെ കേരളത്തിന് വർഷംതോറും ലഭിച്ചിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. ഈ നഷ്ടത്തിന് പകരം സമാനമായ മറ്റൊരു ധനസഹായം ലഭിച്ചതുമില്ല. വായ്പാ പരിധി നിയന്ത്രണങ്ങൾ, ഗ്രാന്റുകളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ എന്നിവ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.


സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത 5.07 ലക്ഷം കോടി രൂപയെന്നാണ് കണ്ടെത്തൽ. മൊത്ത റവന്യു വരുമാനത്തിന്റെ 77 ശതമാനവും സ്ഥിരബാധ്യതയാണ്. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കാണ് ഈ തുക ചെലവാക്കുന്നത്.


കേരളത്തിന്റെ അടിസ്ഥാനവികസനരം​ഗത്ത് വിപ്ലവകരമായ കുതിപ്പ് നൽകിയ കിഫ്ബിയെ പൊളിച്ചെഴുതണമെന്ന നിർദേശവുമുണ്ട്. കിഫ്ബിക്ക് 21,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിഫ്‌ബി സ്വതന്ത്രമായി വായ്പ എടുക്കുന്നത് നിർത്തണം. ചട്ടക്കൂടുകളിൽ ഭേദ​ഗതി വരുത്തണമെന്നും ധവളപത്രത്തിൽ നിർദേശിക്കുന്നു.


പൊതുമേഖലയിൽ പരിഷ്കരണമെന്ന പേരിൽ സ്വകാര്യവത്കരണത്തിനുള്ള നീക്കവും ധവളപത്രത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഊർജ്ജ മേഖലയിൽ ഉൾപ്പെടെ സ്വകാര്യ നിക്ഷേപം വേണമെന്നാണ് നിർദേശം. കെ ഫോണിൽ സ്വകാര്യ പങ്കാളിത്തത്തിന് ശുപാർശ ചെയ്യുന്നുണ്ട്. കെഎസ്ഇബി ഉൾപ്പെടെ സ്വയംപര്യാപ്തമാക്കണം. ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കണം. കെഎസ്ആർടിസി, കെഎസ്എസ്പിഎൽ, കേരള വാട്ടർ അതോറിറ്റി എന്നിവ വലിയ നഷ്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home