'ജയിലിലടച്ചു'; ഇത് അധിക്ഷേപത്തിനുള്ള മറുപടി; പൊതിച്ചോറുമായി പതിവുപോലെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണമായ ഹൃദയപൂർവം പദ്ധതിയെ അധിക്ഷേപിച്ച മാങ്കൂട്ടത്തിൽ ജയിലിൽ കഴിയുന്നതിനിടെ ആ വാർത്ത കൊണ്ട് പൊതിഞ്ഞ ചോറുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പതിവുപോലെ ആശുപത്രികൾക്ക് മുന്നിലെത്തി. പൊതിച്ചോറിന്റെ മറവിൽ ഡിവൈഎഫ്ഐ അനാശാസ്യ പ്രവർത്തനം നടത്തുന്നു എന്ന് ആരോപിച്ച മാങ്കൂട്ടത്തിലിനെതിരെ ആ ഘട്ടത്തിൽത്തന്നെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
വീടുകളിൽനിന്ന് ഭക്ഷണപ്പൊതി ശേഖരിച്ച് രോഗികൾക്ക് എത്തിച്ചു നൽകുന്ന പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതാണ് രാഹുലിനെ അസ്വസ്ഥപെടുത്തിയത്. വിവിധ മേഖലാ കമ്മിറ്റികൾ ഓരോ ദിവസവും അതാതു പ്രദേശത്തെ വീടുകളിൽനിന്ന് ഭക്ഷണപ്പൊതി ശേഖരിക്കാനെത്തുമ്പോൾ കുടുംബത്തിലെ ഒരംഗത്തിന് ഭക്ഷണം നൽകുന്ന കരുതലാണ് ഓരോ വീട്ടുകാരും സ്വീകരിക്കുന്നത് മനസിലാക്കാൻ രാഹുലിനാകില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം മുൻപ് മറുപടി നൽകിയിരുന്നു.
ലൈംഗിക പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റുന്നതിനിടയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ജയിലിൽ മുന്നിൽ നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
നാടിനാകെ അപമാനമാണ് ഇങ്ങനെ ഒരാളെന്നും ഒരുകാരണവശാലും ഇയാൾ നിയമസഭയിൽ ഉണ്ടാകാൻ പാടില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു. ഒളിവിൽ പോയും വീണ്ടും പൊങ്ങിയും നാണംകെട്ടു നടക്കുന്ന അവസ്ഥയാണ് എംഎൽഎയ്ക്കുള്ളത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറിനെ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചത് കേരളം മറക്കില്ല എന്നോർക്കണം. ലൈംഗികവൈകൃതത്തിന് അടിമയായ ഇയാളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.
രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴും പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ എത്തി. വാഹനത്തിൽ നിന്നും രാഹുലിനെ പുറത്തിറക്കാൻ പാടുപെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയാണ് രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റിയത്.










0 comments