ad
Deshabhimani

കേരളം വെള്ളത്തിലായപ്പോൾ മുഖ്യമന്ത്രി വിരുന്നിൽ; സര്‍ക്കാരിന്റേത് ഗുരുതര അനാസ്ഥ: എം വി ​ഗോവിന്ദൻ

v d satheesan m v govindan
വെബ് ഡെസ്ക്

Published on Aug 02, 2026, 11:34 AM | 1 min read

തിരുവനന്തപുരം : മഴക്കെടുതി രൂക്ഷമായി ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും യുഡിഎഫ് സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജനങ്ങളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ മഴക്കെടുതികളുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധ വിരുന്ന് സൽക്കാരത്തിൽ മാത്രമായിരുന്നെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിർണായക സന്ദർഭത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്ന അനാസ്ഥയും ഏകോപനമില്ലായ്മയും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ജനങ്ങളുടെ ജീവൻ്റെ കാര്യമാണിത്. മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നു. മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ച പറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ മഴപെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസം രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് കെടുകാര്യസ്ഥതയുടെ തെളിവാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ജനങ്ങളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാർപ്പിക്കുന്നതിനും അപകട സാധ്യതാ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ല.


സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തരമായ നടപടികൾ സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home