ad
Deshabhimani

Live News 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്, മലയോര മേഖലകളിൽ ജാഗ്രത

Rain
വെബ് ഡെസ്ക്

Published on Aug 02, 2026, 12:20 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷനും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.


Live Updates
an hour agoAug 02, 2026 12:31 PM IST

ഇടുക്കി കമ്പക്കാനത്തിന് സമീപം മണ്ണിടിച്ചിൽ. സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു.

2 hours agoAug 02, 2026 11:41 AM IST

മലപ്പുറത്ത് കനത്ത മഴ. വേങ്ങര പേരണ്ടക്കയിൽ വീട് തകർന്നു, നദികൾ കരകവിഞ്ഞു. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

2 hours agoAug 02, 2026 11:17 AM IST

വയനാട്ടിൽ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ വെള്ളമിറങ്ങിത്തുടങ്ങി.

ലക്കിടിയിൽ അതിതീവ്ര മഴയാണ് പെയ്തത്.

2 hours agoAug 02, 2026 11:17 AM IST

കണ്ണൂരിൽ കനത്ത മഴ തുടരുന്നു. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. മലയോര മേഖലയിൽ മഴ കടുത്തതോടെ പ്രദേശം കനത്ത ജാഗ്രതയിലാണ്.

2 hours agoAug 02, 2026 11:10 AM IST

കോട്ടയം ഈരാറ്റുപേട്ടയിൽ കനത്ത നാശനഷ്ടം. നിരവധി വീടുകളിൽ വെള്ളം കയറി. കാരക്കാട് മേഖലയിൽ ട്രാൻസ്‌ഫോർമറും നടപ്പാലവും തകർന്നു.

2 hours agoAug 02, 2026 11:06 AM IST

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതിയിൽ ഇന്ന് വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.

2 hours agoAug 02, 2026 10:58 AM IST

കാസർകോട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ഉയർന്നു. മേഖലയിലെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി.

3 hours agoAug 02, 2026 10:52 AM IST

ആറന്മുള ക്യാമ്പിൽ പ്രതിഷേധം, മരുന്നുകൾ എത്തിച്ചില്ലെന്ന് ആരോപണം.

3 hours agoAug 02, 2026 10:50 AM IST

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ശ്രീകൃഷ്ണപുരത്ത് വീടിന്റെ അടുക്കള തകർന്നു, 7 വയസുകാരന് പരിക്ക്

3 hours agoAug 02, 2026 10:39 AM IST

കോട്ടയത്ത് മഴ കുറഞ്ഞതോടെ ഹൗസ് ബോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സർവീസ് നടത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. എന്നാൽ സ്പീഡ് ബോട്ടുകൾക്കും കയാക്കിങ് ഉൾപ്പെടെയുള്ള ജലവിനോദങ്ങൾക്കുമുള്ള നിരോധനം തുടരും.

3 hours agoAug 02, 2026 10:37 AM IST

റാന്നി ടൗണിൽ മാലിന്യ ശുചീകരണ സംവിധാനങ്ങളില്ലാത്തതിൽ കടുത്ത പ്രതിഷേധവുമായി വ്യാപാരികൾ. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

3 hours agoAug 02, 2026 10:26 AM IST

കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ, പാലാ കൊട്ടാരമറ്റം, മൂന്നാനി ഭാഗങ്ങളിൽ വെള്ളം പൂർണമായി ഇറങ്ങാത്തതിനാൽ ഗതാഗതം തടസപ്പെട്ടു. പനയ്ക്കപ്പാലം, ഈരാറ്റുപേട്ട, കൊല്ലപ്പള്ളി എന്നിവിടങ്ങളിൽനിന്ന് വെള്ളമിറങ്ങി. ഏറ്റുമാനൂർ, കുമരകം, ഇല്ലിക്കൽ തുടങ്ങി നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

3 hours agoAug 02, 2026 10:24 AM IST

മലപ്പുറം വെളിയംകോട് തണ്ണിത്തുറ - പത്തുമുറി ഫിഷറീസ് റോഡ് കടലെടുത്തു. തീരദേശ ഗതാഗതം തടസപ്പെട്ടു. പൊന്നാനി, വെളിയംകോട് മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. 7 വീടുകൾ തകർന്നു. കടലാക്രമണം തടയാൻ സ്ഥാപിച്ച ജിയോ ബാഗുകളും ഒലിച്ചുപോയി.

3 hours agoAug 02, 2026 10:18 AM IST

പത്തനംതിട്ട തിരുമൂലപുരത്ത് എംസി റോഡിൽ വെള്ളം കയറി

3 hours agoAug 02, 2026 10:14 AM IST

കൊടുങ്ങല്ലൂർ എടവിലങ്ങിൽ ശക്തമായ മഴയിൽ വീട് തകർന്നു. രാമൻകുളം സ്വദേശി ശോഭനയുടെ ഓടുമേഞ്ഞ വീടാണ് തകർന്നുവീണത്. അടുക്കളയും ഒരു മുറിയും പൂർണമായും തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

3 hours agoAug 02, 2026 10:03 AM IST

കണ്ണൂർ കേളോത്ത് ചെറുക്കിണിയൻ ഗോപിയുടെ വീട് പൂർണമായി തകർന്നു വീണു. അപകടത്തിൽ ഗോപിയുടെ സഹോദരി ഇന്ദുവിന് പരുക്കേറ്റു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് വീട് തകർന്നത്. അപകടസമയത്ത് ഗോപിയുടെ അമ്മയും രണ്ട് സഹോദരിമാരും മൂന്ന് കുട്ടികളും വീട്ടിലുണ്ടായിരുന്നു.

3 hours agoAug 02, 2026 09:59 AM IST

ഗവി പാതയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും മരങ്ങളും വീണു. സുരക്ഷ മുൻനിർത്തി ഇന്നലെ മുതൽ ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. റോഡ് പൂർണമായും സുരക്ഷിതമാണെന്ന അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രകൾ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

3 hours agoAug 02, 2026 09:55 AM IST

സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലേർട് തുടരുന്നു. മൂഴിയാർ, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലാണ് മുന്നറിയിപ്പ്. കുറ്റ്യാടിയിൽ ഓറഞ്ച് അലേർട്ടാണ്. പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

4 hours agoAug 02, 2026 09:49 AM IST

പുഴയിലെ ശക്തമായ ഒഴുക്കിൽ കാസർകോട് അച്ചാംതുരുത്തിൽ നടപ്പാലം തകർന്നു. അച്ചാംതുരുത്തിനെയും കിഴക്കേമുറിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന നടപ്പാലമാണ് തകർന്നത്.

5 hours agoAug 02, 2026 08:22 AM IST

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തി. കാണാതായ ഷിജിനായി തെരച്ചിൽ തുടരുന്നു

5 hours agoAug 02, 2026 07:55 AM IST

തിരുവല്ല-അമ്പലപ്പുഴ റോഡിൽ ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ചേമഞ്ചേരിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

6 hours agoAug 02, 2026 07:45 AM IST

മുതലപ്പൊഴിയിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കായി

തെരച്ചിൽ തുടരുന്നു.

6 hours agoAug 02, 2026 07:43 AM IST

മലപ്പുറം വേങ്ങര പെരണ്ടക്കലിൽ വീട് പൂർണമായി തകർന്നു. വേങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ സമീറിന്റെ വീടാണ് പുലർച്ചെ നാലുമണിയോടെ തകർന്നുവീണത്. അപകടസമയത്ത് സമീറും ഭാര്യയും നാല് മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും, ഉഗ്രശബ്ദം കേട്ട് ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

6 hours agoAug 02, 2026 07:24 AM IST

വിനോദസഞ്ചാരികൾക്ക് വിലക്ക്. രാത്രിയാത്രാ നിരോധനവും തുടരുന്നു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ, വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യത.

6 hours agoAug 02, 2026 07:05 AM IST

ഇടുക്കിയിൽ മഴക്കെടുതിയിൽ 14 വീടുകൾ തകർന്നു. താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

6 hours agoAug 02, 2026 07:03 AM IST

കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്

6 hours agoAug 02, 2026 07:02 AM IST

പമ്പയിൽ ജലനിരപ്പ് താഴ്ന്നു. പത്തനംതിട്ടയിൽ നേരിയ മഴ

റാന്നിയിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങി.

6 hours agoAug 02, 2026 06:57 AM IST

കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും റോഡിലെ വെള്ളം ഇറങ്ങി തുടങ്ങി.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി.

7 hours agoAug 02, 2026 06:53 AM IST

കക്കയത്ത് ഓറഞ്ച് അലേർട്. താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.


ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്ത് 4 കുട്ടികളടക്കം 9 പേരാണ് മരിച്ചത്. കോട്ടയം പൂഞ്ഞാർ, ഇടുക്കി കുടയത്തൂർ, പത്തനംതിട്ട ചിറ്റാർ, കോന്നി കൊക്കത്തോട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. കോട്ടയം പൂഞ്ഞാറിൽ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടലിലും വാഗമൺ കോലാഹലമേട്ടിൽ മൺതിട്ട വീണുമാണ് രണ്ടുപേർക്ക് ജീവൻ നഷ്ടമായത്.


മലപ്പുറത്ത് രണ്ടിടങ്ങളിലായി തോട്ടിൽ വീണ് രണ്ട് കുട്ടികളും, കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരനും, കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും മരിച്ചു. തൃശൂർ കൊടുങ്ങല്ലൂരിൽ തോട്ടിൽ വീണാണ് വയോധികൻ മരണപ്പെട്ടത്. കൂടാതെ, കടലിൽ വള്ളം മറിഞ്ഞും പുഴയിലെ ഒഴുക്കിൽപ്പെട്ടും അഞ്ചിലധികം പേരെ കാണാതായിട്ടുമുണ്ട്.


പമ്പ, അച്ചൻകോവിൽ, പെരിയാർ, മീനച്ചിൽ തുടങ്ങിയ നദികളിൽ ജലനിരപ്പുയർന്നു. പത്തനംതിട്ട റാന്നിയിലും കോട്ടയം തീക്കോയിയിലും വീടുകളിലും കടകളിലും വെള്ളം കയറി പ്രളയസമാനമായ സാഹചര്യമാണ്. പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. താമരശ്ശേരി, പാൽച്ചുരം എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടു.


സംസ്ഥാനത്ത് 1,465 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റും ഡിവൈഎഫ്ഐയും ആഹ്വാനം ചെയ്തു. ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാനും ജാഗ്രത പാലിക്കാനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അഭ്യർഥിച്ചു. അതേസമയം, കൃത്യമായ സമയത്ത് മഴ മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്ഥാ വകുപ്പിനും ദുരിതാശ്വാസ ഏകോപനത്തിൽ സർക്കാർ സംവിധാനങ്ങൾക്കും വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home