ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി ട്രംപ്

വാഷിങ്ടൺ : ഇറാനെതിരെ തുടർന്നുവന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടതിനാൽ യുദ്ധം അവസാനിപ്പിക്കുന്നതായും ഇതിനായുള്ള കരാറിൽ എത്തിയതായും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് പൂർണമായി തുറക്കുമെന്നും ഇസ്രയേലും നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ട്രംപ് വാദിച്ചു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുമ്പും സമാനമായി അമേരിക്ക യുദ്ധത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കരാറുകൾ ലംഘിച്ച് വീണ്ടും സംഘർഷം ആരംഭിച്ചിരുന്നു. ഇറാനെതിരെ കടുത്ത സൈനിക നടപടി "അതീവ ശക്തമായി’ തുടരുമെന്നാണ് കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണിമുഴക്കിയത്. യുഎസ് നീക്കം പ്രാദേശിക യുദ്ധത്തിന് വഴിതുറക്കുമെന്നും മേഖലയിലെ രാജ്യങ്ങൾ യുദ്ധാഗ്നിയിൽ ഇല്ലാതാകുമെന്നും ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് സൈനിക നടപടികൾ അവസാനിപ്പിക്കുന്നതായി ട്രംപ് പറഞ്ഞത്. എന്നാൽ കരാർ സംബന്ധിച്ച ട്രംപിന്റെ അവകാശവാദത്തിൽ ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനുനേരെ ആക്രമണം ആരംഭിച്ചത്. ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ആക്രമണത്തിൽ 3500ഓളം പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 26,500 ൽ അധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏഴ് നവജാതശിശുക്കളും 376 കുട്ടികളും 496 സ്ത്രീകളും ഉൾപ്പെടുന്നു. 4,000 സ്ത്രീകളും 1,621 കുട്ടികളും ഉൾപ്പെടെ 26,500ഓളം പേർക്ക് പരിക്കേറ്റു. ഇറാനു പിന്നാലെ ലെബനനിലും ഇസ്രയേൽ അമേരിക്കൻ പിന്തുണയോടെ ആക്രമണം അഴിച്ചുവിട്ടിരുന്നു.









0 comments