ad
Deshabhimani

സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം; മുന്നറിയിപ്പില്ലാതെ ഡാം തുറന്നു: രാജു എബ്രഹാം

Raju Abraham Ranni Flood

രാജു എബ്രഹാം, റാന്നി ന​ഗരത്തിൽ വെള്ളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 02, 2026, 01:15 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തനാശം വിതച്ച മഴയിൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് ​ഗുരുതര വീഴ്ചയുണ്ടായെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണുണ്ടായത്. മൂഴിയാർ ഡാം തുറന്നതിൽ മുന്നറിയിപ്പുണ്ടായില്ലെന്നും രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.


2018ൽ കൃത്യമായ മുന്നറിയിപ്പ് നൽകിയശേഷമാണ് അണക്കെട്ട് തുറന്നത്. ജനങ്ങളെയും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെയും ചേർത്ത് വാട്സാപ്പ് ​ഗ്രൂപ്പ് തയ്യാറാക്കി സന്ദേശം അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അതൊന്നുമുണ്ടായില്ല.


മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. നാശനഷ്ടമുണ്ടായ മുഴുവൻ കടകളുടെയും നഷ്ടം സർക്കാർ ഏറ്റെടുക്കണം. റെഡ് അലർട്ടോ മറ്റ് മുന്നറിയിപ്പോ ഉണ്ടായിരുന്നെങ്കിൽ കടകളിലെ സാധനങ്ങളും വീട്ടുപകരണങ്ങളും മാറ്റാമായിരുന്നു.


2018ലെ വെള്ളപ്പൊക്കത്തിന് ശേഷം വെള്ളം കയറിയ എല്ലാ വീടുകൾക്കും പതിനായിരം രൂപവീതം അന്നത്തെ സംസ്ഥാന സർക്കാർ നൽകി. വെള്ളം കയറിയ വീടുകളിൽ നാശനഷ്ടമുണ്ടായെങ്കിൽ അവയ്ക്ക് 3 ലക്ഷം രൂപവരെ അറ്റകുറ്റപ്പണിക്കുള്ള ധനസഹായം നൽകിയിരുന്നു. അത്തരത്തിലുള്ള ഒരു നടപടിയും സർക്കാർ ഇപ്പോൾ സ്വീകരിച്ചിട്ടില്ല. വെള്ളം കയറി നാശനഷ്ടം വന്ന കടകൾക്ക് 10 ലക്ഷം രൂപ സർക്കാർ ​ഗ്യാരന്റി നിന്നുകൊണ്ട് സർക്കാർ വായ്പ അനുവദിച്ചിരുന്നു. വായ്പയ്ക്ക് 2 ലക്ഷം രൂപ സബ്സിഡിയാണ് നൽകിയത്. കുടുംബശ്രീ അം​ഗങ്ങളുള്ള വെള്ളം കയറിയ വീടുകളിൽ ഒരു ലക്ഷം രൂപവരെ പലിശയില്ലാതെ സർക്കാർ നൽകിയിരുന്നു. എന്നാൽ‌ ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും സർക്കാർ നടത്തിയിട്ടില്ല.


ക്യാമ്പുകളിൽ പോകാത്ത നൂറുകണക്കിന് വീട്ടുകാരുണ്ട്. ഇവർക്ക് ഭക്ഷണം ഒരുക്കാനുള്ള ഒരു സംവിധാനവും റവന്യു വകുപ്പ് ഒരുക്കിയിട്ടില്ല. ദുരന്തനിവാരണ കമ്മിറ്റികൾ ഇല്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പുലർച്ചെ നാല് മുതൽ ഡിവൈഎഫ്ഐയുടെയും സിപിഐ എമ്മിന്റെയും പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനിറങ്ങി, ഭക്ഷണവും വിതരണം ചെയ്തു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ് കോൺ​ഗ്രസ് പ്രവർത്തകരെ മാത്രം വിളിച്ച് യോ​ഗം ചേർന്ന് പോകുകയാണ് ചെയ്തതെന്നും രാജു എബ്രഹാം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home