print edition ഇഎസ്എ കരട് വിജ്ഞാപനം: ആശങ്കയിൽ മലയോരം

എം സനോജ്
Published on Aug 30, 2026, 12:51 AM | 1 min read
നിലമ്പൂര്‍: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ദുർബല പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ കരട് വിജ്ഞാപനം അന്തിമമാക്കാനുള്ള നടപടികൾക്ക് 25 ദിവസംമാത്രം ശേഷിക്കേ മലയോരമേഖലയിൽ ആശങ്ക ശക്തമാകുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി ഇഎസ്എ പരിധി നിശ്ചയിക്കണമെന്ന ആവശ്യം എൽഡിഎഫ് സർക്കാർ ഉന്നയിച്ചിരുന്നു. പുതിയ കരടിൽ കേരളത്തിലെ 131 വില്ലേജുകൾ പൂർണമായും ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് ആശങ്കയ്‌ക്ക് അടിസ്ഥാനം.
ജനവാസ മേഖലകൾ ഒഴിവാക്കി 98 വില്ലേജുകളിലായി 8,711.98 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഇഎസ്എയായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. ജൂലൈ 27ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയായാൽ ഏത് സമയവും വിജ്ഞാപനം അന്തിമമാക്കാം.
ജനവാസ മേഖലകളുടെ ഭാവിയെന്ത്?
അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്ന ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, സാധാരണ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്നതാണ് പ്രധാന ആശങ്ക. വീടുകളുടെ നിർമാണം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, കൃഷി, ചെറുകിട വ്യവസായം, വിനോദസഞ്ചാരം മേഖലകളിലെ പ്രവർത്തനങ്ങളെ നിയന്ത്രണങ്ങൾ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.
കരട് വിജ്ഞാപനത്തിലെ പ്രധാന നിയന്ത്രണങ്ങൾ
ഇഎസ്എ പരിധിയിൽ പുതിയ കരിങ്കൽ, മണൽ ഖനനങ്ങൾക്ക് പൂർണ നിരോധനമാണ്. നിലവിലുള്ള ഖനന പാട്ടങ്ങൾ നിശ്ചിത പരിധിക്കുള്ളിൽ അവസാനിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ വ്യവസായങ്ങൾക്കും നിലവിലുള്ള വ്യവസായങ്ങളുടെ വികസനത്തിനും വിലക്കുണ്ട്. 20,000 ചതുരശ്ര മീറ്ററിലധികം വിസ്‌തൃതിയുള്ള കെട്ടിടങ്ങൾക്കും 50 ഹെക്ടറിലധികമുള്ള ടൗൺഷിപ്പ്, ഏരിയ വികസന പദ്ധതികൾക്കും നിയന്ത്രണമുണ്ടാകും.










0 comments