ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം
print edition "പറ്റുന്നകാലമത്രയും ചോറുകൊടുക്കും'... ജനങ്ങൾ പറയുന്നു

കരകുളം കലാഗ്രാമം പ്രസന്നഭവനിൽ പ്രസന്ന കുമാരിയും കുടുംബവും പൊതിച്ചോറ് തയ്യാറാക്കുന്നു (ഫയൽചിത്രം)
നിഖിൽ കരകുളം
Published on Aug 19, 2026, 01:24 AM | 1 min read
പേരൂർക്കട : ഒന്പതുവർഷമായി പ്രസന്നാമ്മ ഒരുക്കുന്ന പൊതിച്ചോറിൽനിറയെ സ്‌നേഹമാണ്. ഒരാൾക്കെങ്കിലും ആശ്വാസം പകരാൻ തനിക്കും കുടുംബത്തിനും കഴിഞ്ഞുവെന്ന ആത്മസംതൃപ്‌തിയാണ് ഡിവൈഎഫ്‌ഐയുടെ സേവനത്തിലൂടെ ലഭിക്കുന്നതെന്ന് കരകുളം കലാഗ്രാമം പ്രസന്നഭവനിൽ പ്രസന്നകുമാരി (73) പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ പ്രസന്നയും മകൾ അനിതയും മരുമകൻ ശ്രീകണ്‌ഠനും 2017 ൽ ഡിവൈഎഫ്‌ഐ ‘ഹൃദയപൂർവം’ പദ്ധതി തുടങ്ങിയതുമുതൽ ഭക്ഷണപ്പൊതി തയ്യാറാക്കി നൽകുന്നു.
‘ആശുപത്രിയിയിൽ ഒരു നേരത്തെ ഭക്ഷണവും മരുന്നും വാങ്ങാൻ കഴിയാത്ത പ്രായമായവർവരെയുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചോറുകൊടുക്കാനെന്ന് പറഞ്ഞാണ് പിള്ളേര് വർഷങ്ങൾക്ക് മുമ്പ് വീട്ടിൽവന്നത്. ഭക്ഷണപ്പൊതി പതിവായി നൽകാറുണ്ട്. ദിവസവും നൂറുകണക്കിന് ആളുകളുടെ വിശപ്പ് മാറ്റാനും ആശ്വാസമേകാനും പിള്ളേര് ഇങ്ങനെ ഇറങ്ങി നടക്കുമ്പോൾ എനിക്ക് പറ്റുന്ന കാലംവരെ ഞാൻ ചോറുകൊടുക്കും’–പ്രസന്നയുടെ വാക്കുകൾ.
‘ഓർമയിലുണ്ട് വിശന്നിരുന്ന ആശുപത്രി ദിനങ്ങൾ’
എസ് ഒ ദിനു
കഴക്കൂട്ടം: ‘ഭർത്താവുമായി ആർസിസിയിൽ ചികിത്സയ്‌ക്കുപോയ ദിവസങ്ങളിൽ പലപ്പോഴും പൈപ്പിലെ വെള്ളം കുടിച്ച് വിശപ്പകറ്റിയിട്ടുണ്ട്. അന്ന് ഒരുവറ്റ് ചോറ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. കിട്ടിയിരുന്നില്ല. ഇന്നിപ്പോൾ പണമില്ലാതെ ആശുപത്രി വരാന്തയിൽ കഴിയുന്നവർക്ക് വിശപ്പടക്കാനായി എനിക്കും പൊതിച്ചോറ് കൊടുക്കാൻ പറ്റുന്നുണ്ട്’ –മൺവിള സുബ്രഹ്മണ്യനഗർ കാർത്തിക ഭവനിലെ ജഗദമ്മ കുമാരി പറഞ്ഞു. ‘സർക്കാർ ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. പുറത്തുനിന്ന് ഭക്ഷണം വാങ്ങാന്‍ വലിയ തുക വേണ്ടിവരും. പൊതിച്ചോറ് അവർക്ക് ആശ്വാസമാണ് –അവർ പറഞ്ഞു.
പൊതികളിലുള്ളത് ആശ്വാസം- കാട്ടാക്കട സ്വദേശി വിമല
എത്രയോ ആൾക്കാർ ഇവിടെനിന്ന് ലഭിക്കുന്ന ചോറുവാങ്ങിക്കഴിക്കുന്നു. അതിൽ എന്നെപ്പോലെ ആരോരുമില്ലാത്തവരുമുണ്ടല്ലോ. ഞങ്ങൾക്കൊക്കെ അധികം ഭക്ഷണമൊന്നും വേണ്ട. ഇൗ കിട്ടുന്ന ഒരു നേരത്തേ ആഹാരം മതിയാകും. ആശുപത്രിയിൽ വന്നാൽ ഡോക്ടറെ കണ്ടശേഷം ഇവിടെവന്ന് പൊതിച്ചോറും വാങ്ങി മടങ്ങും.
മുടങ്ങാത്ത കരുതൽ- കാക്കാമൂല സ്വദേശി രാജശേഖരൻ
എന്തുമാത്രം തിരക്കാണ് ഈ ആശുപത്രിയിൽ. പൊതിച്ചോറ് വാങ്ങാനും അത്രത്തോളം തിരക്കുണ്ട്. ഈ വരിയിൽ നിൽക്കുന്നവരെ കണ്ടില്ലേ? എന്നും ഒരേ സമയത്തുതന്നെ ഡിവൈഎഫ്ഐക്കാർ വീടുകളിൽനിന്ന് പൊതിച്ചോറ് ഇവിടെയെത്തിക്കുന്നു. വരിനിൽക്കുന്ന ആരും വെറുംകൈയോടെ മടങ്ങുന്നത് കണ്ടിട്ടില്ല.










0 comments