കൊല്ലം നെടുവത്തൂരിൽ കിണറിടിഞ്ഞ് അപകടം: ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (31), സുഹൃത്ത് ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. 80 അടി താഴ്ചയുള്ള കിണറായിരുന്നു. ഒരുമിച്ചു താമസിച്ചിരുന്ന അർച്ചനയും ശിവകൃഷ്ണയും രാത്രിയിൽ വഴക്കിടുകയും തുടർന്ന് അർച്ചന കിണറ്റിൽ ചാടുകയുമായിരുന്നു . പുലർച്ചെ ഒന്നരയോടെ കൊട്ടാരക്കര ഫയർഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോൺ കോൾ വന്നു. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ രണ്ട് മക്കളുമോടിയെത്തി അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു.
യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്.അപകട സമയത്ത് കിണറ്റിൻറെ അരികിൽ നിൽക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു.അങ്ങനെ മൂന്ന് പേരും അപകടത്തില്‍ പെടുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.
വളരെ ആഴമുള്ള കിണറാണ് ഇടിഞ്ഞത്. കല്ലും മണ്ണുമടക്കം ഉണ്ടായിരുന്നതിനാല്‍ കുടുങ്ങിയവരെ പുറത്തെടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സോണിയുടെയും അർച്ചനയുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശിവകൃഷ്ണയുടേത് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും.










0 comments