ജലമെട്രോ
6 ടെർമിനലുകൾ ഒഴിവാക്കി യുഡിഎഫ് സർക്കാർ


സ്വന്തം ലേഖകൻ
Published on Oct 05, 2026, 02:42 AM | 2 min read
കൊച്ചി
തേവരയിൽ ഉൾപ്പെടെ ആറ് ജലമെട്രോ ടെർമിനലുകൾ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യുഡിഎഫ് സർക്കാർ. പുതിയ ജലമെട്രോ ടെർമിനലുകളും സർവീസും ഇതുവഴിയുള്ള സുഗമമായ ഗതാഗതവും കാത്തിരുന്ന നാട്ടുകാർക്ക് തിരിച്ചടിയായി സർക്കാർ തീരുമാനം. തേവര, മൂലന്പിള്ളി, കോതാട്, ചെറിയംതുരുത്ത്, അമൃത, ആസ്‌റ്റർ ടെർമിനലുകൾ ഒഴിവാക്കി ഗതാഗതവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിട്ടു.
കര, ജലമാർഗം വഴിയുള്ള ഗതാഗത ഹബ്ബ് തന്നെ രൂപീകരിക്കാൻ ലക്ഷ്യമിട്ടാണ് തേവരയിൽ ജലമെട്രോ ടെർമിനൽ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ഇത് നടപ്പായാൽ പടിഞ്ഞാറൻ കൊച്ചിയിലുള്ളവർക്ക് ജലമാർഗം കുറച്ചുസമയത്തിനുള്ളിൽ എത്താൻ കഴിയുമായിരുന്നു. ഇടക്കൊച്ചി, പള്ളുരുത്തി, കുന്പളം എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു നിർദിഷ്ട തേവര ടെർമിനൽ. നിലവിലെ യാത്രാക്ലേശം, ഗതാഗതക്കുരുക്ക് എന്നിവയ്‌ക്കും പരിഹാരമാകുമായിരുന്നു. തേവരയിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് മെട്രോ ഫീഡർ ബസ് സർവീസുകളും ആരംഭിക്കാൻ പദ്ധതിയുണ്ടായിരുന്നു. ടെർമിനലിനായുള്ള കാത്തിരിപ്പിലായിരുന്നു ജനം. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ ടെർമിനൽ നിർമാണത്തൽനിന്ന് സർക്കാർ പിൻവാങ്ങി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതടക്കം 38 ടെർമിനലുകൾ നിർമിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി നൽകിയതാണ്.
തേവരയിൽ ടെർമിനൽ നിർമിക്കാൻ കണ്ടെത്തിയിരുന്ന ഭൂമി ലഭിക്കാത്തതിനെ തുടർന്നാണ് പിൻമാറ്റമെന്നാണ് ഉത്തരവിൽ പറയുന്നത്. കെഎസ്‌ആർടിസിയുടെ കൈവശമുള്ള ഭൂമിയാണിത്. സർക്കാർ മനസ്സുവച്ചാൽ ഇത് ലഭ്യമാകും. എന്നാൽ, ഇതിന് തയ്യാറാകതെ പദ്ധതിതന്നെ ഉപേക്ഷിക്കുകയായിരുന്നു. സൗത്ത് ചിറ്റൂർമുതൽ ഏലൂർവരെയുള്ള നിലവിലെ സർവീസിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് മൂലന്പിള്ളിയിലെ ടെർമിനൽ ഉപേക്ഷിച്ചതിന് കാരണമായി പറയുന്നത്. ബോട്ടുകൾ തിരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രയാസമാണ് കോതാട് ടെർമിനൽ ഉപേക്ഷിച്ചതിന്റെ ന്യായം. ചാലുകളുടെ വീതി–ആഴം എന്നിവയിലെ കുറവ്, റൂട്ടിന് ഇടയിലുള്ള പാലത്തിന്റെ ഉയരക്കുറവ് എന്നിവമൂലമാണ് ആസ്‌റ്റർ ടെർമിനൽ ഒഴിവാക്കിയതെന്നും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളെ തുടർന്ന് അമൃത ടെർമിനൽ ഉപേക്ഷിച്ചെന്നും സർക്കാർ പറയുന്നു.
തേവരയടക്കം ആറ് ടെർമിനലുകൾ ഒഴിവാക്കിയതിനൊപ്പം നെട്ടൂർ ടെർമിനൽ സ്ഥാപിക്കാനും അനുമതി നൽകി. എന്നാൽ, നെട്ടൂർ ടെർമിനൽ നേരത്തേയുള്ള പദ്ധതിയാണ്. ആറ് ടെർമിനലുകൾ ഒറ്റയടിക്ക് ഉപേക്ഷിച്ചതിനെ തുടർന്ന് ഉയരാനിടയുള്ള പ്രതിഷേധങ്ങളും പരാതികളും ഒഴിവാക്കാൻകൂടിയാണ് നെട്ടൂർ ടെർമിനലിനെ നിലനിർത്തി ഉത്തരവിറക്കിയത്. നെട്ടൂരിനായുള്ള സ്ഥലം നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ജലമെട്രോ പദ്ധതികൾ അവതാളത്തിലായി.









0 comments