Deshabhimani

print edition ക്ഷേമപെൻഷൻ ലഭിക്കാതെ ലക്ഷങ്ങൾ

elderly persons welfare pension
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന്‌ നിരവധിപേർ ഒഴിവാക്കപ്പെടുന്നുവെന്ന പരാതി വ്യാപകം. നിലവിൽ 7,18,629 പേർ മസ്‌റ്ററിങ്‌ പൂർത്തിയാക്കാനുണ്ട്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടും ആധാർ ഓഥന്റിക്കേഷൻ നടത്തിയില്ല എന്ന പേരിലും ആനുകൂല്യം കിട്ടാത്തവരുണ്ട്‌. ആധാർ ഓഥന്റിക്കേഷൻ നടത്തിയവർക്കുമാത്രമേ പെൻഷൻ അനുവദിക്കേണ്ടതുള്ളൂവെന്ന്‌ സെപ്‌തംബറിൽ ധനവകുപ്പ്‌ ഉത്തരവിറക്കിയിരുന്നു.


ധനകാര്യ വകുപ്പിൽനിന്ന്‌ തൊഴിൽ, ഫിഷറീസ്, കൃഷി വകുപ്പുകൾക്ക് നൽകിയ കത്തുകളുടെയും ഇൻഫർമേഷൻ കേരള മിഷൻ ലഭ്യമാക്കിയ ആധാർ ഓഥന്റിക്കേഷൻ കണക്കിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശം. ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടാണ്‌ ഉത്തരവെങ്കിലും ക്ഷേമ പെൻഷനുകൾക്കും ഇത്‌ ബാധകമാക്കി. കർഷക, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ഇതിനായി കൃഷിഭവനുകളിലും അക്ഷയ കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട സ്ഥിതിയാണ്‌. കിടപ്പുരോഗികളും അവശതയുള്ളവരും പ്രയാസപ്പെടുന്നു.


ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ മസ്‌റ്ററിങ്‌ പൂർത്തിയാക്കുന്നതിനുപുറമേ എല്ലാ വർഷവും ലൈഫ്‌ സർട്ടിഫിക്കറ്റും ഹാജരാക്കുന്നുണ്ട്‌. എന്നിട്ടും ആധാർ ഓഥന്റിക്കേഷൻ നിർബന്ധമാക്കുന്നതാണ്‌ പ്രതിസന്ധി. 33 ക്ഷേമനിധി ബോർഡുകളിലായി 14,35,450 പെൻഷൻ ഗുണഭോക്താക്കളാണുള്ളത്‌. ഇതിൽ 3,12,522 പേർ മസ്‌റ്ററിങ്‌ പൂർത്തിയാക്കാനുണ്ട്‌. ഇ‍ൗ മാസം 31വരെയാണ്‌ മസ്‌റ്ററിങ്ങിനുള്ള സമയം. വിവിധ സാമൂഹ്യസുരക്ഷ പെൻഷനുകളിലായി 52,12,271 ഗുണഭോക്താക്കളുണ്ട്‌. ഇതിൽ 48,06,165 പേർ മാത്രമാണ്‌ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌. 4,06,106 പേർ ബാക്കിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home