കോഴിക്കോട് കോർപറേഷനിലും പരസ്യസഖ്യം , മറ്റിടങ്ങളിൽ യുഡിഎഫിന് പിന്തുണ
print edition യുഡിഎഫ് – ജമാഅത്തെ സഖ്യം 111 വാർഡിൽ ; അവിശുദ്ധ കൂട്ടുകെട്ട് പത്തോളം നഗരസഭകളിലും നൂറിലധികം പഞ്ചായത്തുകളിലും

കോഴിക്കോട്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പഞ്ചായത്തുമുതൽ കോർപറേഷൻവരെ യുഡിഎഫിന് തെരഞ്ഞെടുപ്പ് സഖ്യം. കോഴിക്കോട് കോർപറേഷനിലും പത്തോളം നഗരസഭകളിലും കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെയുടെ വെൽഫെയർ പാർടിയുമായി മുന്നണിയായാണ് മത്സരിക്കുന്നത്. നൂറിലധികം പഞ്ചായത്തുകളിലും കൂട്ടുകെട്ടുണ്ട്. മറ്റിടങ്ങളിൽ പരസ്യസഖ്യത്തിന് പകരമായി ജമാഅത്തെ പിന്തുണയും യുഡിഎഫ് ഉറപ്പാക്കി. നേതാക്കൾ സംസ്ഥാന–ജില്ലാതലങ്ങളിൽ ചർച്ച നടത്തിയാണ് വർഗീയസഖ്യം രൂപീകരിച്ചത്.
കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ യോജിച്ച സഖ്യമുണ്ട്. മറ്റിടങ്ങളിൽ രഹസ്യമായാണ് ബന്ധം.
മലപ്പുറത്ത് ജമാഅത്തെയുമായി മുപ്പതോളം പഞ്ചായത്തുകളിൽ സഖ്യം പരസ്യമാണ്. ലീഗ് സീറ്റുകൾ വെൽഫെയറിന് കൈമാറിയാണ് മുന്നണിയുണ്ടാക്കിയത്. പുറമെ ജമാഅത്തെ നേതാക്കളെ യുഡിഎഫ് സ്വതന്ത്രരായി പലയിടത്തും രംഗത്തിറക്കി. യുഡിഎഫും വെൽഫെയറും യോജിച്ചുള്ള സ്ഥാനാർഥി പ്രഖ്യാപനം, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, പ്രചാരണം നടക്കുന്നു. പാണക്കാട് റഷീദലി തങ്ങളടക്കം ലീഗ് നേതാക്കളാണ് വെൽഫെയർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കോഴിക്കോട് കോർപറേഷനിലും വടകര നഗരസഭയിലും പരസ്യമാണ് സഖ്യം. കോർപറേഷൻ 47–ാം വാർഡ് (ചെറുവണ്ണൂർ വെസ്‌റ്റ്) ജമാഅത്തെയ്‌ക്ക് നൽകി. വടകരയിൽ എല്ലാ വാർഡിലും വെൽഫെയർ പാർടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കൊടുവള്ളി നഗരസഭയിൽ വെൽഫെയറിനാണ് രണ്ട് സീറ്റ്. ചങ്ങരോത്ത് പഞ്ചായത്തിൽ കോൺഗ്രസ് ജയിച്ചതടക്കം രണ്ട് വാർഡ് വെൽഫെയറിന് നൽകി. കൊടിയത്തൂർ, തിരുവള്ളൂർ, ആയഞ്ചേരി, വേളം, നടുവണ്ണൂർ പഞ്ചായത്തുകളിലും കണ്ണൂർ മുഴപ്പിലങ്ങാടും മാടായി പഞ്ചായത്തിലും കൂട്ടുകെട്ടുണ്ട്. വയനാട്ടിലെ വൈങ്ങപ്പള്ളി പഞ്ചായത്തിലെ 11–ാം വാർഡിൽ ജമാഅത്തെ നേതാവാണ് യുഡിഎഫ് സ്ഥാനാർഥി.
എറണാകുളത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 14–-ാം ഡിവിഷൻ ആലങ്ങാട് വെസ്റ്റിൽ വെൽഫെയർ പാർടി നേതാവാണ് യുഡിഎഫ് സ്ഥാനാർഥി. ചിറ്റാറ്റുകര പഞ്ചായത്തിലെ 18–ാം വാർഡിൽ ജമാഅത്തെ നേതാവിനെ യുഡിഎഫ് സ്വതന്ത്രനാക്കി. വാർഡ് ഒമ്പതിൽ ജമാഅത്തെ വനിതാ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു. കോട്ടയത്ത് ഇൗരാറ്റുപേട്ട നഗരസഭയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലുമാണ് പരസ്യസഖ്യം. ഇരാറ്റുപേട്ടയിൽ 6, 13 വാർഡുകളിലാണ് വെൽഫെയർ പാർടിക്ക് നൽകിയത്.









0 comments