"വെൽഫെയർ പാർടി നേരത്തെയും യുഡിഎഫിനെ സഹായിച്ചു; ഇക്കുറി ചില മേഖലകളിൽ തിരിച്ചും സഹായിക്കും"

തിരുവനന്തപുരം: വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുമെന്ന് ആവർത്തിച്ച് യുഡിഎഫ് നേതാക്കൾ. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടിയുമായി നേരത്തെയും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്സിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർടി യുഡിഎഫിനെ സഹായിച്ചുവെന്നും ഇത്തവണ പരസ്പരം സഹകരിക്കുമെന്നും സലാം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സഹായിക്കാമെന്ന് വെൽഫെയർ പാർടി പറഞ്ഞു. ചില മേഖലകളിൽ തിരിച്ചും സഹായം ചെയ്യാൻ ഞങ്ങൾക്ക് മടിയില്ല. നീക്കുപോക്കുകളും ധാരണകളും കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ഇത്തവണയും ഉണ്ടാകും.- സലാം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെയും വെൽഫെയർ പാർടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു സതീശന്റെ പ്രതികരണം. നിലമ്പൂർ തെരഞ്ഞെടുപ്പിൽ അത് താൻ വ്യക്തമാക്കിയതാണ്. അവരുടെ പിന്തുണ സ്വീകരിച്ചുകഴിഞ്ഞു- സതീശൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കുന്നതിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണുള്ളതെന്ന് വെൽഫെയർ പാർടി നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും വെൽഫെയർ പാർടി യുഡിഎഫിനെയാണ് പിന്തുണച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക സഖ്യമാണുണ്ടാക്കിയത്. ഇക്കുറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും യുഡിഎഫ് പ്രവേശനം സംബന്ധിച്ചുമുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.









0 comments