print edition ഭിന്നിപ്പിക്കാൻ അനുവദിക്കില്ല

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പതാക ഉയർത്തുന്നു / ഫോട്ടോ: ഡിവിറ്റ്പോൾ
കെ എൻ സനിൽ
Published on Aug 21, 2026, 01:30 AM | 1 min read
സ. പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ): സമൂഹത്തിൽ ഭിന്നിപ്പിന്റെ വിത്തുവിതയ്‌ക്കുന്ന ശക്തികൾക്കെതിരായ പോരാട്ടം തുടരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞകാല പ്രവർത്തനങ്ങൾ തലനാരിഴകീറി പരിശോധിക്കുന്നതിനൊപ്പം പുതിയകാലത്ത് ഏറ്റെടുക്കേണ്ട പോരാട്ടങ്ങൾക്കും സമ്മേളനം രൂപം നൽകും. ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോർ വിതരണം കേവലം ജീവകാരുണ്യ പ്രവർത്തനമല്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ആർഎസ്‌എസിനുള്ള മറുപടികൂടിയാണ് ഇൗ മാനവിക കൂട്ടായ്‌മ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ആർഎസ്എസിനെതിരെ മാനവികതയുടെ സന്ദേശം എക്കാലവും ഉയർത്തിപ്പിടിക്കും.
ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച സോദരത്വേന എന്ന ആശയത്തിന്റെ പ്രയോഗവൽക്കരണമാണ് പൊതിച്ചോറ്. ഇക്കാലയളവിൽ ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളിലും ഒരു രാഷ്‌ട്രീയമുണ്ട്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്‌ക്കുമെതിരെ 2024ൽ നടത്തിയ മനുഷ്യച്ചങ്ങല കേന്ദ്ര പൊതുഖേലാ സ്ഥാപനങ്ങളിലെ നിയമന നിരോധനത്തിനെതിരായ താക്കീതുകൂടിയായിരുന്നു. 20 ലക്ഷം പേരാണ് പങ്കെടുത്തത്. രാജ്യത്താദ്യമായി സാഹിത്യോൽസവം സംഘടിപ്പിച്ചത് ഡിവൈഎഫ്‌ഐ ആണ്. ജോലി സമയം കഴിഞ്ഞിട്ടും ഓഫീസിൽനിന്ന് പുറത്തിറങ്ങാനാവാത്തവരുടെ അവസ്ഥ മുൻനിർത്തി റൈറ്റ് ടു ഡിസ്‌കണക്ട് ക്യാന്പയിന് നേതൃത്വം നൽകി.
‘ലഹരിയാകാം കളിക്കളങ്ങളോട്’ ക്യാന്പയിൻ ലഹരിക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു. ഏതെങ്കിലും ഒരു അംഗം ചെയ്‌ത തെറ്റിനെ എടുത്തുകാട്ടി ഇതാണ് സംഘടന എന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന പരിശ്രമം പരിഹാസ്യമാണ്. ഡിവൈഎഫ്‌ഐക്ക് സംസ്ഥാനത്ത് 29000 യൂണിറ്റുണ്ട്. 51,93,854 അംഗങ്ങളും. അതിൽ ആർക്കെങ്കിലും പറ്റുന്ന പിഴവിനെ ഒരുതരത്തിലും സംഘടന അംഗീകരിക്കില്ല. സംസ്ഥാന സർക്കാരിനെതിരെ വിഷയാധിഷ്‌ഠിത സമരത്തിനാണ് ഡിവൈഎഫ്‌ഐ നേതൃത്വം നൽകുന്നത്– അവർ പറഞ്ഞു. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്‌മ അജയഘോഷ്, ജില്ലാ സെക്രട്ടറി കെ എസ് റോസൽരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments