‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ’; ഡിവൈഎഫ്‌ഐ സമരസംഗമം 15ന്

തിരുവനന്തപുരം: രാജ്യത്ത് വർധിച്ച് വരുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെയും വർഗീയതയ്ക്കെതിരെയും 15ന് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതനിരപേക്ഷ ഇന്ത്യ' എന്ന മുദ്രാവാക്യം ഉയർത്തി ഒരാഴ്ചത്തെ സമരസംഗമങ്ങളാണ് നടത്തുക.
പത്ത് ലക്ഷത്തോളം ഒഴിവുകൾ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിലവിലുണ്ടെന്ന് പാർലമെന്റിൽ എംപിമാരുടെ ചോദ്യത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. മൂന്നുവർഷത്തോളം ഇങ്ങനെയൊഴിഞ്ഞ് കിടന്നാൽ ആ തസ്തിക ഇല്ലാതാകും. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചാൽ അവിടെയും തൊഴിൽ ഇല്ലാതാകും. രണ്ട് കോടി ആളുകൾക്ക് ഇന്റേൺഷിപ് കൊടുക്കുമെന്നാണ് ബജറ്റിൽ നിർമ്മല സീതാരാമൻ പറഞ്ഞത്.
ഇന്റേൺഷിപ്പല്ല ചെറുപ്പക്കാർക്ക് വേണ്ടത്, സ്ഥിരംതൊഴിലെന്നതാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. അതേപോലെ മതനിരപേക്ഷ ഇന്ത്യ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. കന്യാസ്ത്രീകളെ ജയിലിലിട്ട അനുഭവം ഒടുവിലത്തെ ഉദാഹരണമാണ്. മുസ്ലിം– സ്ത്രീ– ദളിത് വിരുദ്ധതയും ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണവുമാണ് ആർഎസ്എസ് നടത്തുന്നത്. മതസ്വത്വത്തെ അടിസ്ഥാനമാക്കി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും സനോജ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ആർ രാഹുൽ, എം ഷാജർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments