print edition ആനക്കാംപൊയിൽ–കള്ളാടി തുരങ്ക പാത ; ഫെബ്രുവരിയിൽ തുരക്കാൻ തുടങ്ങും

തുരങ്കപാതയുടെ കള്ളാടിഭാഗത്തെ പ്രവൃത്തി
ആദർശ് ജോസഫ്
Published on Jan 26, 2026, 02:51 AM | 1 min read
കൽപ്പറ്റ
വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇരുഭാഗത്തുനിന്നും ഒരേസമയം പ്രവൃത്തി ആരംഭിക്കും. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള ‘ബൂമർ’ നേരത്തെ എത്തിച്ചിട്ടുണ്ട്. ഇരുഭാഗത്തും വലത് തുരങ്കത്തിന്റെ പ്രവൃത്തിയാണ് ആദ്യം തുടങ്ങുക. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യയാണ്.
കള്ളാടിയിൽ തുരങ്കമുഖംവരെയുള്ള "കട്ട് ആൻഡ് കവർ' പ്രവൃത്തി ഉടൻ പുർത്തിയാകും. മേപ്പാടി – ചൂരൽമല റോഡിൽനിന്ന് തുരങ്കമുഖംവരെയുള്ള 180 മീറ്റർ മണ്ണ് കുഴിച്ച് തുരങ്കത്തിന് സമാനമായി ടണൽ നിർമിക്കുന്നതാണിത്. ആനക്കാംപൊയിൽ ഭാഗത്ത് തുരങ്കമുഖംവരെയുള്ള പ്രവൃത്തിയും പുരോഗമിക്കുന്നു. പാറപൊട്ടിച്ചും മണ്ണുനീക്കിയുമാണ് പാത നിർമിച്ചത്. മറിപ്പുഴയ്‌ക്ക് കുറുകെ താൽക്കാലിക പാലം നിർമിച്ച് യന്ത്രങ്ങൾ എത്തിച്ചു. തുരന്നെടുക്കുന്ന പാറകൾ പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കും. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ് എന്നിവ ഇരുഭാഗത്തും സജ്ജമാണ്. കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റും ഒരുക്കി.
നിലവിൽ ദിവസവും 16 മണിക്കൂർവരെയാണ് നിർമാണം. തുരക്കൽ ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് രണ്ട് ഷിഫ്‌റ്റായി 24 മണിക്കൂറും പ്രവൃത്തി നടത്തും. ആഗസ്‌ത് 31നാണ് തുരങ്ക പാതയുടെ നിർമാണ ഉദ്‌ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ പ്രവൃത്തി ആരംഭിച്ചു. 8.11 കിലോമീറ്റർ ഇരട്ട തുരങ്ക പാതയാണ് നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തിൽ എത്താനാകും. 2043 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.









0 comments