ad
Deshabhimani

വയനാട്ടിൽ ഷിഗെല്ല: സർക്കാർ പ്രതിരോധം പാളുന്നു; രോഗബാധിതരുടെ കണക്കിൽ അവ്യക്തത

Shigella.jpg

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ (ഇടത്), കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് (വലത്)

വെബ് ഡെസ്ക്

Published on Jun 09, 2026, 12:47 PM | 1 min read

കൽപ്പറ്റ: വയനാട് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട ഷിഗെല്ല രോഗബാധയുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകളിൽ അവ്യക്തത. ജില്ലയിൽ 25 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയപ്പോൾ, രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രമാണെന്ന വിശദീകരണവുമായി കൃഷി മന്ത്രി ടി സിദ്ദിഖും ജില്ലാ മെഡിക്കൽ ഓഫീസറും രംഗത്തെത്തി.


അതീവ ജാഗ്രത പുലർത്തേണ്ട പകർച്ചവ്യാധിയുടെ കണക്കുകളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ പ്രകടമായ വൈരുദ്ധ്യമുണ്ടെന്നത് ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.


സുൽത്താൻ ബത്തേരിയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് വയനാട്ടിൽ നിലവിൽ രണ്ട് പേർക്ക് മാത്രമേ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ഡിഎംഒ അറിയിച്ചത്. സംസ്ഥാനത്ത് രോഗബാധയുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകളിൽ ഇതുവരെ വ്യക്തത വരുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.


കണക്കുകളിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും രോഗവ്യാപനം തടയുന്നതിനായി വിപുലമായ പ്രതിരോധ പ്രോട്ടോക്കോൾ ഉന്നതതല യോഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട കർശനമായ ആരോഗ്യ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചു.


കുടിവെള്ള സ്രോതസ്സുകളിലൂടെ രോഗം പടരുന്നത് തടയാൻ ജില്ലയിലുടനീളം കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തും. രോഗബാധ റിപ്പോർട്ട് ചെയ്ത നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അടിയന്തര അവലോകന യോഗങ്ങൾ ചേരും.


ആശാ വർക്കർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വാർഡുതല പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ആരോഗ്യവകുപ്പ് കർശന ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും വ്യക്തിശുചിത്വം പാലിക്കാനും നിർദ്ദേശമുണ്ട്.


എങ്കിലും, ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വിവര വൈരുദ്ധ്യം ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. രോഗബാധയുടെ കൃത്യമായ വ്യാപ്തി എത്രയെന്ന് വ്യക്തമാക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home