ജീവിതം തുന്നുന്നു ; നാടും ജനതയും തിരിച്ചുവരവിന്റെ പാതയിൽ

Wayanad Rehabilitation
avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Jul 30, 2025, 02:45 AM | 2 min read


ചൂരൽമല

ബെയ്‌ലിക്കപ്പുറം തകർന്നടിഞ്ഞ വീടുകൾ പാതിയിൽ അവസാനിച്ച സ്വപ്‌നങ്ങളുടെ ശേഷിപ്പുകളാണ്‌. കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളും സമയംനിലച്ച ഘടികാരങ്ങളും ചിതറിക്കിടക്കുമിടം. ദുരന്തത്തിന്റെ പ്രതിസന്ധികളെ വകഞ്ഞ്‌ ജീവിതസൂചി മുന്നോട്ടു ചലിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ. ഉരുൾപൊട്ടി ഒരുവർഷം പിന്നിടുമ്പോൾ നാടും ജനതയും തിരിച്ചുവരവിന്റെ പാതയിലാണ്‌.


തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ളുന്നുണ്ട്‌. ഉരുൾ അവശിഷ്‌ടങ്ങൾ നീക്കി പുന്നപ്പുഴയെ പുനരുജ്ജീവിപ്പിക്കുകയാണ്‌. കരഭൂമി കൃഷിക്ക്‌ അനുയോജ്യമാക്കും. ബെയ്‌ലി പാലത്തിന്‌ സമാന്തരമായി ഉരുൾ പ്രതിരോധിക്കാൻ ശേഷിയുള്ള ഭീമൻപാലം ഉൾപ്പെടെ മൂന്നു പാലങ്ങളും എട്ടു റോഡുകളും നിർമിക്കും. ചൂരൽമലയോട്‌ ചേർന്ന്‌ നീലിക്കാപ്പിൽ വില്ലേജ്‌ ഓഫീസ്‌, അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം, വെറ്ററിനറി പോളിക്ലിനിക്‌, ക്ഷീര സൊസൈറ്റി, ജലവിതരണ പദ്ധതി തുടങ്ങിയ പദ്ധതികൾക്കും ഭരണാനുമതിയായി. മുണ്ടക്കൈ എൽപി സ്‌കൂൾ നീലിക്കാപ്പിൽ പുനർനിർമിക്കും. വെള്ളാർമല സ്‌കൂളിനായി സ്ഥലപരിശോധന തുടങ്ങി. ചൂരൽമല അങ്ങാടിയിലെ വ്യാപാരികളുടെയും കെട്ടിടഉടമകളുടെയും പുനരധിവാസത്തിന്‌ പ്രത്യേക പദ്ധതിയുണ്ട്‌.


അത്യാഹിതം നേരിടാൻ 
ആശുപത്രികൾ

അത്യാഹിത പരിചരണം ഉറപ്പാക്കുന്ന സൗകര്യങ്ങളിലേക്ക്‌ ആശുപത്രികൾ മാറും. വൈത്തിരി താലൂക്ക്‌ ആശുപത്രിയിൽ 98 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന 15 കോടിയുടെ പുതിയ ബ്ലോക്കിന്‌ അനുമതിയായി. മുന്നൂറോളം പേർക്ക്‌ ഒരേസമയം ചികിത്സ നൽകാൻ കഴിയുന്ന ട്രോമാകെയർ യൂണിറ്റ്‌ ഏഴുകോടി രൂപ വിനിയോഗിച്ച്‌ വൈത്തിരിയിൽ സജ്ജമാക്കും. കൽപ്പറ്റയിൽ 23.75 കോടി രൂപയുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റ്‌ (സിസിയു) നിർമിക്കും.


ദുരിതാശ്വാസ ഷെൽട്ടർ

താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾക്ക്‌ ബദലായി ജില്ലയിൽ എട്ട്‌ സ്ഥിരം ഷെൽട്ടർ നിർമിക്കും. ഒരു ഷെൽട്ടറിന്‌ 3.5 കോടി രൂപവീതം 28 കോടി രൂപ അനുവദിച്ചു. 7541.41 ചതുരശ്ര അടിയിൽ റസ്റ്റ്‌ഹൗസുകൾക്ക്‌ സമാനമായ സൗകര്യമൊരുക്കും. മേപ്പാടി, മൂപ്പൈനാട്‌, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട്‌, മുള്ളൻകൊല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലാണ്‌ ഷെൽട്ടർ. മഴക്കാലം കഴിയുമ്പോൾ റസ്റ്റ്‌ ഹൗസുകളായും ഷെൽട്ടറുകൾ ഉപയോഗിക്കും.


കലക്ടറേറ്റിൽ ദുരന്തനിവാരണ സമുച്ചയം

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രമായി കൽപ്പറ്റ സിവിൽ സ്‌റ്റേഷനിൽ പ്രത്യേക സമുച്ചയം നിർമിക്കും. 30 കോടി രൂപയുടേതാണ്‌ പദ്ധതി. ‘ഡി’ ബ്ലോക്കായി നാലുനിലയിൽ 57,290.26 ചതുരശ്ര അടിയിലാണ്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ മാത്രമായി (ഡിഡിഎംഎ) കെട്ടിടം ഉയരുക.




deshabhimani section

Related News

View More
0 comments
Sort by

Home