ചൂരൽമല-മുണ്ടക്കൈ ടൗൺഷിപ്പിലേക്ക് ആദ്യ കുടുംബമെത്തി; കൂടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സർപ്രൈസ് വീഡിയോ കോൾ

കൽപ്പറ്റ: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിലേക്ക് ആദ്യ കുടുംബം താമസം മാറി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയ 178 വീടുകളിൽ ഒന്നിലേക്കാണ് ആദ്യ കുടുംബം ഇന്ന് ഔദ്യോഗികമായി കുടിയേറിയത്.
ദുരന്തത്തിന്റെ കൺകെട്ടാത്ത ഓർമ്മകളിൽ നിന്നും പ്രതീക്ഷയുടെ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ച കുടുംബത്തിന് ഇരട്ടി മധുരമേകി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സർപ്രൈസ് വീഡിയോ കോളും എത്തി.
പുതിയ വീട്ടിലേക്ക് മാറിയ സന്തോഷം പങ്കുവെക്കാനും അവരുടെ വിശേഷങ്ങൾ നേരിട്ട് അന്വേഷിക്കാനുമാണ് പിണറായി വിജയൻ വീഡിയോ കോളിലൂടെ കുടുംബത്തെ ബന്ധപ്പെട്ടത്.
വീട്ടിലെത്തിയ കുടുംബാംഗങ്ങളോട് പുതിയ വീടിന്റെ വിശേഷങ്ങളും ടൗൺഷിപ്പിലെ ക്രമീകരണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. "എല്ലാവർക്കും സുഖമല്ലേ, പുതിയ വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടില്ലേ?" എന്ന് പിണറായി വിജയൻ സ്നേഹാന്വേഷണം നടത്തി.
ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും കൈപിടിച്ചുയർത്തി സുരക്ഷിതമായ ഒരു വീടും ജീവിതവും ഒരുക്കി നൽകിയതിന് കുടുംബാംഗങ്ങൾ അദ്ദേഹത്തോട് വികാരാധീനരായി നന്ദി അറിയിച്ചു.
വീടിന്റെ ദൃശ്യങ്ങൾ അവർ വീഡിയോ കോളിലൂടെ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവ്വഹിച്ചത്.
അന്ന് ഉരുൾപൊട്ടലിൽ അച്ഛനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട നൈസ എന്ന അഞ്ചുവയസ്സുകാരിയെ പിണറായി വിജയൻ നെഞ്ചോട് ചേർത്തുവെച്ച് വീടിന്റെ താക്കോൽ നൽകിയ ദൃശ്യങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അതിവേഗത്തിലാണ് ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയത്.
കേന്ദ്ര സഹായങ്ങൾ പൂർണ്ണമായി നിഷേധിക്കപ്പെട്ടിട്ടും ജനങ്ങളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെയും സഹായത്തോടെയാണ് എൽഡിഎഫ് സർക്കാർ ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്.
വെറും വീടുകൾ മാത്രമല്ല, കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽട്ടർ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങി ആധുനിക നഗരങ്ങളിലെ എല്ലാവിധ പൊതുസൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിൽ ബാക്കി കുടുംബങ്ങളും പുതിയ വീടുകളിലേക്ക് താമസം മാറുമെന്നും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.










0 comments