print edition മുണ്ടക്കൈ ടൗൺഷിപ്; പിൻവലിച്ച ഉദ്യോഗസ്ഥരെ ഗത്യന്തരമില്ലാതെ പുനർനിയമിച്ച് സർക്കാർ

കൽപ്പറ്റ: മുണ്ടക്കൈ –ചൂരൽമല ഉരുൾ അതിജീവിതർക്കായുള്ള ടൗൺഷിപ് പദ്ധതിയുടെ നിർണായക ഉത്തവാദിത്വം വഹിച്ച കിഫ്‌ബി ഉദ്യോഗസ്ഥരെ പിൻവലിച്ച തീരുമാനം വിവാദമായതോടെ ഭാഗികമായി തിരുത്തി സർക്കാർ. ടൗൺഷിപ്പിൽനിന്നും പിൻവലിച്ച നാല് ഉദ്യോഗസ്ഥരിൽ മൂന്നുപേരെ തിങ്കളാഴ്‌ച പുനർനിയമിച്ചു. സുപ്രധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചത് ‘ദേശാഭിമാനി’യാണ് പുറത്തുകൊണ്ടുവന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലൂടെ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ (സിഒഒ) തസ്‌തിക അനാഥമാക്കിയതിന് പുറമെയാണ് കിഫ്‌ബിയുടെ ഉദ്യോഗസ്ഥരെയും പിൻവലിച്ചത്.
കിഫ-്‌ബിയുടെ സാങ്കേതികവിഭാഗമായ കിഫ്‌കോണിന്റെ പ്രോജക്ട് മേധാവി, കെട്ടിട വിഭാഗം പ്രോജക്ട് എൻജിനിയർ, റോഡ് വിഭാഗം പ്രോജക്ട് എൻജിനിയർ, കെട്ടിടവിഭാഗം അസി. പ്രോജക്ട് എൻജിനിയർ എന്നിവരെയാണ് പിൻവലിച്ചത്. പ്രോജക്ട് മേധാവി ഒഴികെയുള്ള ഉദ്യോഗസ്ഥരെയാണ് പുനർനിയമിച്ചത്. പ്രോജക്ട് മേധാവിയെ തിരിച്ചെത്തിക്കുന്നതിൽ അനിശ്ചിതത്വമുണ്ട്.
എൽഡിഎഫ് സർക്കാർ ഒന്നാംഘട്ടത്തിൽ കൈമാറിയ 178വീട് താമസത്തിന് കൈമാറിയശേഷം പീന്നീട് ടൗൺഷിപ്പിലെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. സിഒഒയെ സ്ഥലംമാറ്റിയിട്ട് ഒരുമാസമാകുന്നു. ജൂൺ ഒമ്പതിന് നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലാണ് സിഒഒ ഡോ. ജെ ഒ അരുണിനെ സർവേ – ഭൂരേഖാ വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റിയത്.
പകരം ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. ടൗൺഷിപ്പിന്റെ സ്‌പെഷൽ ഓഫീസറായിരുന്ന എസ് സുഹാസിനെ ജലവിഭവം സ്‌പെഷൽ സെക്രട്ടറിയായി മാറ്റിനിയമിച്ച് അരുണിന് സ്‌പെഷൽ ഓഫീസറുടെ അധികച്ചുമതല നൽകുകയായിരുന്നു.











0 comments