print edition എൻ എം വിജയന്റെയും മകന്റെയും മരണം ; കുറ്റപത്രം സമർപ്പിച്ചു , ഐ സി ബാലകൃഷ്ണൻ ഒന്നാംപ്രതി

കൽപ്പറ്റ
കോൺഗ്രസ് നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ പ്രത്യേക അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നും വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രണ്ടും കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ്.
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവൻ ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്‌ദുൾ ഷെരീഫ് കുറ്റപത്രം സമർപ്പിച്ചത്. നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകൾ, വിജയനുമായി നേതാക്കൾ നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പിങ്ങുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ, വിജയന്റെ ഡയറിയിലെ വിശദാംശങ്ങൾ എന്നിവയെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒന്നര കോടിയോളംരൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ.
അറസ്‌റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്. അപ്പച്ചന്റെ ശബ്ദസാമ്പിൾ തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു. ഫലം കോടതിക്ക് കൈമാറും. നിയമനക്കോഴയിലുണ്ടായ കടബാധ്യതയെതുടർന്ന് വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് പ്രതികൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ബാലകൃഷ്ണനും എൻ ഡി അപ്പച്ചനുമുൾപ്പെടെയുള്ളവരാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്. വിജയനെയും മകനെയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.
2024 ഡിസംബർ 24നാണ് വിജയനും മകനും വിഷംകഴിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27ന് മരിച്ചു. നിയമനക്കോഴയിലുള്ള വിജിലൻസ് കേസിലും ഐ സി ബാലകൃഷ്‌ണൻ ഒന്നാംപ്രതിയാണ്. കഴിഞ്ഞദിവസമാണ് വിജിലൻസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.









0 comments