print edition അവസരങ്ങൾ തുറന്ന് പുതിയ ജലപാത

സിയാൽ വാങ്ങിയ നവാൾട്ടിന്റെ ഇലക്‌ട്രിക് സോളാർ ബോട്ട്
സുനീഷ് ജോ
Published on Feb 19, 2026, 03:14 AM | 1 min read
തിരുവനന്തപുരം
പശ്‌ചിമ തീര ജലപാതയിലൂടെയുള്ള ബോട്ട് യാത്ര വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവമാകും. ടൂറിസ്‌റ്റ് ബോട്ട്, യാത്രാബോട്ട്, ഹൗസ് ബോട്ട് എന്നിവ ഓടിക്കാൻ കഴിയും. കയാക്കിങ്ങിനും സൗകര്യമൊരുങ്ങും. മനുഷ്യനിർമിതി കനാലുകളും പുഴകളും കായലുകളും ബന്ധിച്ച് രാജ്യത്തുതന്നെ ആദ്യമാണ് ഇത്തരത്തിൽ പാതയൊരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി 280 കിലോമീറ്റർ പാത ഇൗമാസം അവസാനം തുറക്കും. തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ തൃശൂർ ജില്ലയിലെ ചേറ്റുവ വരെയാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
തിരുവനന്തപുരം ജില്ലയിലെ കോവളം മുതൽ കാസർകോട് ജില്ലയിലെ ബേക്കൽ വരെ ജല പാത പൂർത്തിയാകുന്പോൾ 616 കിലോമീറ്ററാണ് ദൂരമുണ്ടാകുക. പാർവതി പുത്തനാർ, കൊല്ലം തോട്, പൊന്നാനി– ചേറ്റുവ കനാൽ,കനോലി കനാൽ, പൂരപ്പുഴ കനാൽ, പയ്യോളി കനാൽ, വടകര– മാഹി കനാൽ എന്നിവയാണ് മനുഷ്യ നിർമിത കനാലുകൾ. 39 പുഴകളിലൂടെയും കായലുകളിലൂടെയും പാത കടന്നുപോകും. കനാലുകൾക്ക് 25 മീറ്ററാണ് വീതി. ജലനിരപ്പ് ശരാശരി 2 മീറ്ററും. ആക്കുളം മുതൽ വർക്കല വരെ 34 കിലോമീറ്റർ സഞ്ചരിക്കാൻ സ്‌പീഡ് ബോട്ടിൽ 40 മിനിട്ടിൽ താഴെമതി. ഇവിടങ്ങളിൽ എട്ട് ബോട്ട് ജെട്ടികൾ നിർമിച്ചിട്ടുണ്ട്. വർക്കലയിലെ ടണൽ ടൂറിസ്‌റ്റ് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ബോട്ടുകളും സജ്ജമാക്കി. ഇത് നിർമിച്ചത് കൊച്ചിയിലെ നവാൾട്ട് ആണ്. ഇലക്‌ട്രിക് സോളാർ ബോട്ടിൽ 20 പേർക്ക് സഞ്ചരിക്കാം.
ജലപാതയ്‌ക്ക് ഇരുവശവും പ്രാദേശിക ഫുഡ് സ്‌റ്റാളുകൾ തയ്യാറാക്കും. ഇതിലൂടെ നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ അവസരം ലഭിക്കും. കരകൗശല വസ്‌തുക്കൾക്കും വിപണി കണ്ടെത്താനാകും.











0 comments