ചരിത്രനേട്ടത്തിൽ കുതിച്ച് വാട്ടർമെട്രോ: യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നു

നൈനയ്ക്ക് വാട്ടര്‍മെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ സമ്മാനിക്കുന്നു
കൊച്ചി : യാത്രക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് പുതുനേട്ടവുമായി കൊച്ചി വാട്ടർ മെട്രോ. പ്രവർത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയാണ് കൊച്ചി വാട്ടർ മെട്രോ ചരിത്രനേട്ടം കുറിച്ചത്. ശനി ഉച്ചയോടെ ഫോർട്ട് കൊച്ചിയിലേക്ക് യാത്രചെയ്യാനെത്തിയ ഓസ്‌ട്രേലിയൻ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോർട് ടെർമിനലിലെ കൗണ്ടറിൽ നിന്ന് ഫോർട്ട് കൊച്ചിക്ക് ടിക്കറ്റെടുത്തതോടെയാണ് ഇതേവരെ യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു. ചരിത്ര നേട്ടത്തിന് സാക്ഷിയായ നൈനയ്ക്ക് വാട്ടർമെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു. ചുരുങ്ങിയ റൂട്ടിൽ സർവീസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടർ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്ര അനുഭവം കാരണമാണെന്ന് ചടങ്ങിൽ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
കേരള സർക്കാർ നടപ്പാക്കിയ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രിൽ 25 നാണ് സർവീസ് തുടങ്ങിയത്. സർവീസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനങ്ങളുടെ ആകർഷണ കേന്ദ്രമായി വാട്ടർമെട്രോ മാറി. വിദേശ രാജ്യങ്ങളിൽ നിന്നുവരെ പദ്ധതിയെക്കുറിച്ച് അന്വേഷണം വന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്ടർ മെട്രോ സർവീസ് നടപ്പാക്കാൻ കെഎംആർഎല്ലിന് അവസരമൊരുങ്ങി. ലോക ബാങ്കും വാട്ടർമെട്രോ സേവനവുമായി കൈകോർക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവർത്തന മികവിന് നിരവധി അവാർഡുകളും ചുരുങ്ങിയകാലയളവിനുള്ളിൽ കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കി.
ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നീ ടെർമിനലുകളിലാണ് 20 ബോട്ടുകളുമായി ഇപ്പോൾ സർവീസ് ഉള്ളത്. അഞ്ചിടത്ത് ടെർമിനലുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലന്റ് ടെർമിനലുകൾ ഉടൻ പ്രവർത്തന സജ്ജമാക്കാൻ ലക്ഷ്യമിട്ട് അന്തിമ ജോലികൾ പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കും. അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതൽ രാത്രി 9 വരെ 125 ട്രിപ്പുകളാണ് പ്രതിദിനം നടത്തുന്നത്. സർവീസ് തുടങ്ങി ആദത്തെ 107 ദിവസം കൊണ്ട് 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയ വാട്ടർ മെട്രോ അടുത്ത 95 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 20 ലക്ഷമാക്കി. പിന്നീടുള്ള 185 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 30 ലക്ഷവും 160 ദിവസം കൊണ്ട് 40 ലക്ഷവും ആയി. തുടർന്നുള്ള 161 ദിവസം കൊണ്ട് 50 ലക്ഷവും പിന്നിട്ടു.









0 comments